ആംഗ്ലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിതാ രത്നങ്ങൾ ..! / AngleyaNaattilNinnum MalayalamPettittaVanitha Rathnangal ..!

‘അവിയൽ ‘എന്നത് വിവിധതരം പച്ചക്കറികൾ ഇട്ടുവെക്കുന്ന സ്വാദിഷ്ടമായ ഒരു കറി  മാത്രമല്ല , വിവിധ ശൈലികളും , പലതരം അഭിരുചികളും , വേറിട്ട മനോധർമ്മങ്ങളും കൂട്ടി ചേർത്തെഴുതിയ കഥയും , കവിതയും , യാത്രാവിവരണവും , ചരിത്രവും , പുരാണവും , അനുഭവങ്ങളും , പുളുവുമൊക്കെ കൂടി  , ഒമ്പതെഴുത്തുകാരുടെ രചനകൾ കൂട്ടിക്കലർത്തി , ഒരുമിച്ച് പ്രസിദ്ധീകരിച്ച ഒരു കിണ്ണങ്കാച്ചി പുസ്തകം കൂടിയാണ്…
ലോകത്തിന്റെ നാന ഭാഗങ്ങളിൽവസിക്കുന്ന , തീർത്തും വ്യത്യസ്ഥ ജോലികൾ ചെയ്യുന്ന ഒരു ‘മുഖപുസ്തക കൂട്ടായ്’മയിലെ ഒമ്പതു പേർ ചേർന്നെഴുതി , സാക്ഷാൽ ‘സുക്കറണ്ണന് ‘ സമർപ്പിച്ച , 215  പേജുള്ള ലോഗോസ് ബുക്ക് ഇറക്കിയ, അതിരുകളില്ലാത്ത സൗഹൃദത്തിൽ ചങ്ങാത്തം അടയാളപ്പെടുത്തുന്ന ഒരു പുതുപുത്തൻ മലയാളം പുസ്തകമാണ്   ‘അവിയൽ ..!

ഈ പുസ്തകത്തിന്റെ ഒമ്പത് രചയിതാക്കളിൽ , നാല് എഴുത്തുകാരികളും ബ്രിട്ടീഷ് മലയാളികളാണെന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട്…

ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം ചെറുതും വലുതുമായ
പ്രശസ്തരും , അല്ലാത്തവരുമായ ഓൺ-ലൈനായും ,  ഓഫ്-ലൈനായും മലയാളത്തിൽ എഴുതുന്ന എഴുത്തുകാരികൾ ഉണ്ട് …

ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ ‘യു.കെ മലയാളി’കളുടെ എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . യു.കെ യിലിപ്പോൾ മലയാളം എഴുത്തുകാരേക്കാൾ കൂടുതൽ എഴുത്തുകാരികൾ   ഉണ്ടെന്നതാണ് വാസ്തവം …!
‘ഡെസ്ക് ടോപ്പി’ൽ നിന്നും ‘ബുക്ക് ഷെൽഫു’കൾ പിടിച്ചടക്കിയ അതിരുകൾക്കപ്പുറത്തുള്ള ആംഗ്ലേയ നാട്ടിലെ വിവിധ ദേശങ്ങളിൽ വസിക്കുന്ന കുറച്ചു വനിതാ രത്നങ്ങളായ എഴുത്തുകാരികളെ ചെറിയ രീതിയിൽ ഇതോടൊപ്പം പരിചയപ്പെടുത്തുകയാണ് ഞാനിവിടെ…

ലണ്ടനിലുള്ള  കട്ടൻ കാപ്പിയും കവിതയുമെന്നകലാസാഹിത്യ കൂട്ടായ്മയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് , യു.കെ മലയാളികളുടെ ഇടയിൽ നിന്നും പ്രഥമമായി  ഒരു വനിത  എഴുതിയ  മലയാളം പുസ്തകമായ  ‘ശീമയിലെ ഒരു പെണ്ണിന്റെ കഥ’ മുതൽ ഈയിടെ പുറത്ത് വന്ന ‘അവിയൽ’ വരെയുള്ള രചയിതാക്കളായ സ്‌ത്രീ രത്നങ്ങളെയെല്ലാം ജസ്ററ് ഒന്ന് പരിചയപ്പെടുത്തുന്നത് …

അന്നാമ്മ വർക്കി 

ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ‘ബെർക്ക്ഷെയറിൽ’ വന്നുപെട്ട ‘അന്നാമ്മ വർക്കി’ എന്ന ഒരു ആയ –  തന്റെ വിരഹ വേളകളിൽ
ഒരു നോട്ടുബുക്കിലെഴുതി കുറിച്ചു വച്ചിരുന്ന എഴുത്തുകൾ  എല്ലാം കൂടി എഡിറ്റ് ചെയ്ത് ,അന്ന് കാലത്ത് , ഏതാണ്ട് അര  നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി  എഴുത്തുകാരിയായ  , അന്നാമ്മ വർക്കിയുടെ  ‘ശീമയിലെ ഒരു പെണ്ണിന്റെ കഥ’ …!
1958 – 68  കാലങ്ങളിൽ ബ്രിട്ടണിൽ  ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനാണ്  ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന കേരള  സമാജത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു…

 

മാലതി മേനോൻ 

ഒപ്പം  തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഈ ഡോക്റ്ററുടെ ഭാര്യയായ മാലതി മേനോൻ എഴുതിയ ‘ബ്രിട്ടൻ  അനുഭവ കഥകൾ ‘ , ‘ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും’ എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്‌മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു…

‘ബിലാത്തി വിശേഷം  ‘ എഴുതിയ കെ.പി.കേശവമേനോനും ,_വി.കെ.കൃഷ്ണമേനോനുമൊക്കെ  ആ കാലഘട്ടങ്ങളിൽ മുന്നേ തുടങ്ങിവെച്ച കേരള സമാജമാണ് – പിന്നീട്  പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ ‘മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ’  ( MAUK  )  യായി രൂപം കൊണ്ടത് …!

അച്ചാമ്മ വർഗ്ഗീസ്

അതോടൊപ്പം തന്നെ രണ്ടാം  ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന കുറെ ഭാരതീയ നേഴ്സുമാരിൽ മൂന്ന് മലയാളികളടക്കം (സുന്ദരവല്ലി , റേച്ചൽ ജോൺ /അമ്മിണി , അച്ചാമ്മ വർഗ്ഗീസ്  ) പലരും പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറിയപ്പോൾ , അതിലുണ്ടായിരുന്ന നേഴ്‌സുമാരിൽ ഒരാളായ  ‘അച്ചാമ്മ വർഗ്ഗീസ്’ എഴുതിയ ‘ഇന്ഗ്ലണ്ട് വിശേഷങ്ങൾ ‘ എന്ന , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും  പറയുന്നു …

 

ഡോ :ഓമന ഗംഗാധരൻ 

പിന്നീട് ഒരു  പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള  വേറൊരു  എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ  പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ .
2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി . ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി ഓമനേച്ചിയുടെ “ആയിരം ശിവരാത്രികള്‍” എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്‍റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്‍റെ പ്രമേയം. പിന്നീട്  ഇറങ്ങിയ ‘ഇലപൊഴിയും കാലവും’ ‘തുലാവർഷവും ‘ ‘അരയാലിന്റെ ഇലകളും ‘ മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ് .സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ  നമ്മെ ബോധ്യപ്പെടുത്തുന്നു…

സിസിലി ജോർജ്ജ് 

മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകലകലാ വല്ലഭയായ , പണ്ട്  മുതൽ കോളേജ് മാഗസിനുകളിൽനിന്നും തുടങ്ങിവെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെയിലെ  പല മലയാള മാധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും മറ്റും  ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .
ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ   അക്ഷരങ്ങളാൽ  തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ്‘പക്ഷിപാതാളം’  .
അതിന് ശേഷം സിസിലിയാന്റി ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് ‘വേനൽ മഴ ‘. ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് ,തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം…

 

ജിഷ്‌മ ഷിജു 

നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്‌മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത്  ഉദിച്ചുയർന്നു  വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . ‘ഒറ്റത്തുരുത്തിലെ നിർവൃതികൾ’ എന്ന  ജിഷ്‌മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ്നതുരുത്തുകളുണ്ട്… നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ….

ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്. വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന, വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്. ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും…

പ്രിയ കിരൺ

ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ  മിൽട്ടൺകീൻയ്സിലുംലണ്ടനിലുമായി താമസിസിക്കുന്ന ഒരു ‘നെറ്റ്‌ വർക്ക് റെയിൽ’ ഉദ്യോഗസ്ഥയാണ്. ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു .
‘അവിയൽ’  പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയായ പ്രിയ കിരൺ. പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം  വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു  എഴുത്തുകാരി കൂടിയാണ് പ്രിയ  …

 

 

 

 

മേരി കുട്ടി 

മധ്യ തിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്‌സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ  , 2010 -ൽ പ്രസിദ്ധീകരിച്ച ‘കല്യാണപ്പെണ്ണ് ‘
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!) എന്ന നോവൽ .
എന്തൊ പിന്നാമ്പുറ  ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല …! ?
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് …

ഡോ : നസീന  മേത്തൽ 

കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന
ഡോ :നസീന മേത്തൽ   . തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് .
ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും …!
‘അവിയൽ’ പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ …

 

 

കൊച്ചു ത്രേസ്യ 

ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി ‘വീണ്ടും ബിലാത്തി വിശേഷങ്ങൾ ‘ എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .

നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ  ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി  പുറത്തിറക്കിയ ‘കൊച്ചു ത്രേസ്യയുടെ ലോകം ‘ . പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല  എന്നതാണിതിന്റെ പ്രത്യേകത .
അന്നും ഇന്നും ഈ കൊച്ച് – ഫേസ്‌ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം  തന്നെയാണ് ….!

 

 

സിയാ ഷമീൻ 

യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ  എന്ന

യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളെയും , അവിടത്തെ ജീവിത സമസ്യകളേയും  അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .’ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ‘ ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് …

സീമ മേനോൻ 

ഇവിടെ യു.കെയിലെ ഗേറ്റ്സ്‌ഷെഡിൽ താമസിക്കുന്നകൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട  സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരുതമ്പുരാട്ടി തന്നെയാണ് .

മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും  കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും ,ലേഖനങ്ങളുമൊക്കെ വനിതയടക്കം പല പ്രിന്റി മീഡിയകളിലും പ്രസിദ്ധീകരിച്ച വരാറുണ്ട് .സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്
ഒരു  കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ  …

 

മീര കമല 

ആലപ്പുഴക്കാരിയായ മീര കമലപഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര ‘പാർവ്വതീപുരം മീര ‘ എന്ന പേരിലാണ് എഴുതുന്നത് .
തബലിസ്റ്റും , നാടകനടനും , കഥാകൃത്തുമായ മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് – മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു . മലയാളത്തിൽ നിന്നും ‘ജ്ഞാനപ്പാന’ തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ ‘ഇന്നൊരു മനിതർക്ക് ‘എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് . ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്‌ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ് മീര …

വിജയലക്ഷ്‌മി 

യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്‌മി  കവിതകളും , കഥകളും , മലബാറിന്റേതായ  സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് . ധാരാളം പാചക വിഭങ്ങൾ  തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി  . ‘കഥാ മിനാരങ്ങൾ’ എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു …

 

 

 

ഗീത രാജീവ്

തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന  ‘ഗുരു നിത്യചൈതന്യ’യുടെ ശിക്ഷ്യയായ ഗീത രാജീവ്  , ഇത്തിരി
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് . സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ  പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്‌ത്രീ രത്നമാണ് ഗീതാജി …

 

 

 

സിമ്മി കുറ്റിക്കാട്ട്

തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന്  ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ സിമ്മി കുറ്റിക്കാട്ടി  ന്റെ പ്രഥമ പുസ്തകം ‘മത്തിച്ചൂര് ‘ അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്   . ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.  
സിമ്മിയെ പറ്റി ‘വി.പ്രദീപ് കുമാർ പറയുന്നത് നോക്കൂ -‘ മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ 
ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും…
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത്  . 
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം  സൈറ്റ്‌ സന്ദർശിക്കാം …

നിഷ സുനിൽ 

യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്‌ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് . നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു .

‘ഓൺ-ലൈൻ സൈറ്റി’നെക്കാളുമുപരി ‘ഓഫ്-ലൈനാ’യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് …

 

ദീപ സന്തോഷ്

തൃശൂരിലെ താലോർ സ്വദേശിനിയായ ,യു.കെയിലെ ഗാന കോകിലമായ ,പാട്ടുകാരിയും , എഴുത്തുകാരിയും 

കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ് ദീപ എഴുതാറുള്ളത് . പല പാട്ടുകാരെയും , സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്  . ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും , എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ) വാമഭാഗമാണ് ദീപ. സംഗീതത്തിലും , എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും , പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകളുടെ  ആൽബങ്ങളും ഇവർ ഇറക്കിയിട്ടുണ്ട്…

ബീന റോയ് 
യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മാധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  ‘പെയ്ത് തോരാതെ  ‘.

ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ്…

 


ദീപ പ്രവീൺ 

നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെയിലെ വെയിൽസിൽ താമസിക്കുന്ന,

  കോട്ടയത്തിന്റെ പുത്രി  ദീപ മധു  എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ  തന്നെയാണ് . പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഗാർഹിക പീഡന ഇരകൾക്കും ,സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W .Aid ട്രസ്റ്റി ,ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നെ നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും ,ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ ‘അവിയൽ’ പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് …

രശ്‌മി പ്രകാശ് 

കോട്ടയത്തുനിന്നും ചെമ്സ്ഫീൽഡിലുള്ള , ഇന്ന് ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശും യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും ,നല്ലൊരു അവതാരകയും , റേഡിയൊ ജോക്കിയും  കൂടിയാണ് .വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും ,ലേഖനങ്ങളുമൊക്കെ ഇപ്പോൾ … ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി ,’കട്ടൻ കാപ്പി കൂട്ടായ്മ’യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ്…

 

സന്ധ്യ.എൽ .ശശിധരൻ 

കൊല്ലം കാരിയായ ലണ്ടനിൽ ‘ബി.ബി.സി’ യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ 
ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാധ്യമ പ്രവർത്തകയും കൂടിയാണ് . മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ സന്ധ്യ എന്നുമെന്നോണം എഴുതിയിടാറുണ്ട് …

ശ്രീകല നായർ 

പത്തനംതിട്ടയിൽ ജനിച്ചുവളർന്ന്   , ഇന്ന് ലണ്ടനിൽ താമസിക്കുന്ന ശ്രീകല നായർ ഇവിടെയുള്ള പല
മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് . 
ഒപ്പം അമേരിക്കയിൽ നിന്നും   ഇറങ്ങുന്ന ‘ആഴ്ച്ചവട്ടം’  വാരികയിൽ ‘മയിൽപ്പീലിയും വളപ്പൊട്ടും’ എന്ന കോളവും എഴുതിയിരുന്നത്  ഈ എഴുത്തുകാരി തന്നെയാണ് . കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .ആയതൊക്കെ  ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ  എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ  സ്‌ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി  ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി … 

ആനി ഇസിദോർ പാലിയത്ത്  
 
ഇന്ത്യൻ  ആർമിയിൽ നിന്നും യു.കെ യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത്  മലയാളത്തിലും , ഹിന്ദിയിലും ,ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ  വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!  
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും ,സാമൂഹ്യ  പ്രവർത്തകയായും  , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് അഥെനീയം  അക്ഷര ഗ്രന്ഥാലയത്തിന്റെ അക്ഷര  അധിപർ കൂടിയായ ഈ ദമ്പതികൾ…

സ്മിതാ വി ശ്രീജിത്ത്  
 
പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ  ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ജോലി  ചെയ്യുകയാണ്.
‘അവയിൽ’ പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്‍ച്ചവെക്കുന്നു . സ്മിതാ വി ശ്രീജിത്ത്‌ ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും സ്മിതയുടെ വരികളിൽ കൂടി നമുക്ക് തൊട്ടറിയാം …

സിന്ധു എൽദൊ

ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്‌മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ്‌ ബുക്ക് താരങ്ങളിൽ  ഒരുവളായ  സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് …

തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി  ആംഗ്ലേയ നാട്ടിൽ  ഇല്ലെന്ന് തന്നെ പറയാം …

 

 

ദിവ്യ ജോസ് 
 
അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   എന്ന ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് . 
ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് …!

സ്വാതി ശശിധരൻ 
 
അതുപോലെ അയർലണ്ടിൽ തന്നെയുള്ള  സ്വാതി ശശിധരൻ എന്ന തിരുവനന്തപുരം സ്വദേശിയും ഒട്ടുമിക്ക കൊച്ചു  വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . 
ഒരു പക്ഷെ അയർലണ്ടുകാരികളായ ഈ ചുള്ളത്തികളുടെ പുസ്തകങ്ങൾ അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു …

ബീന പുഷ്കാസ് 

തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ  ബീന പുഷ്‌കാസ്  തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാധ്യങ്ങളിൽ കവിതകൾ എഴുതിവരുന്നു .ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ്  ബീന . ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് … 

 

 

മഞ്ജു വർഗീസ് 
എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് .’ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറ
യുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം,മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം ‘എന്നീകവിതകളും ,ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .

ഒപ്പം അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്; സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര, ഏപ്രിൽ ഫൂൾ  ‘എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് . ഇപ്പോൾ ‘ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ‘ എന്ന നോവലും മഞ്ജു വർഗീസ് എഴുതിക്കൊണ്ടിരിക്കുന്നു …
 സിന്ധു സതീഷ്‌കുമാർ

കാഞ്ഞങ്ങാടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്‌കുമാർ  കവിതകളും ,ആർട്ടിക്കിളുകളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ് .  വാർത്താവതാരക  , പാട്ടുകാരി എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു ‘കട്ടൻ കാപ്പി കൂട്ടായ്’മയിലും , ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരംഗം കൂടിയാണ് .സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ്  പലർക്കും സമാനാമായ പല സംഗതികളും, അവർക്കും ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന് ..!
സിന്ധു അതിമനോഹരമായി  അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് …

 

 

 

 

നിമിഷ ബാസിൽ

കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലംഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ് ധാരാളം കവിതകളടക്കം , പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ …

ലിജി സെബി 

എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ് . നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്  അടക്കം പല മാധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ കഥാമത്സരത്തിൽ വിജയി കൂടിയാണ് ഈ യുവ എഴുത്തുകാരിയായ ചുള്ളത്തി …

അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും  ജനിച്ച് വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ് അവരവരുടെ മാതൃഭാഷ…ഇതിൽ പല അമ്മമാരിൽ കൂടിയും  ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത്, അവരൊക്കെ എഴുത്തിൽ കൂടി പല പല  സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്…
ആംഗ്ലേയ നാട്ടിലുള്ള അത്തരം മണിമുത്തുകളും, വനിതാ രത്നങ്ങളുമായ അമ്മക്കിളികളെ വായനക്കാർക്ക് മുമ്പിൽ , ചെറിയ രീതിയിലൂടെയുള്ള ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകളാണിത്…

പ്രശസ്ത പോപ് ഗായികയും എഴുത്തുകാരിയുമായ ഷീല ചന്ദ്ര , തൊണ്ണൂറുകൾ  മുതൽ ലണ്ടനിൽ സാഹിത്യ രംഗങ്ങളിൽ പ്രശോഭിച്ചിരുന്നഇപ്പൾ ഹെയ്‌സിലുള്ള മിനി രാഘവൻ , പിന്നെ ജീന , ത്യശൂരിൽ നിന്നും വന്ന്  മാഞ്ചസ്റ്ററിൽ താമസിക്കുന്ന ‘ഷീബ ഷിബിൻ’ , മലപ്പുറംകാരി യോർക്ക്ഷെയറിലുള്ള ‘ഷംന ഫാസിൽ’, പത്തനംതിട്ട നിന്നും ഇവിടെ എത്തിയ ഗീത , ത്യശൂർക്കാരിയായ ‘ജൂലി ഡെൻസിൻ’ എന്നിങ്ങനെ എഴുത്തു ലോകത്ത് ആംഗ്ലേയ നാട്ടിൽ തിളങ്ങി നിൽക്കുന്ന ഇമ്മിണിയിമ്മിണി വനിതാരത്നങ്ങൾ ധാരാളം പേർ ഇനിയും ഈ പടിഞ്ഞാറൻ നാട്ടിൽ ഉണ്ട്…  
ഇവരെയെല്ലാം പിന്നീടൊരിക്കൽ ഞാൻ 
ഇതുപോലെ പരിചയപ്പെടുത്തുന്നതായിരിക്കും … 

Our Sponsors