Kaviyodoppam…

Prof. V Madhusoodanan Nair at Kerala House. 77th Episode of Kattankappium Kavithayum. 2018 October 31

Video courtesy: Seena Ajish

 

“തുടർച്ചയായ ഒരു വലിയ പ്രവാഹത്തിലെ കണ്ണിയാണ് ഓരോ വ്യക്തിയും. അതുകൊണ്ടുതന്നെ നിഷേധിക്കാൻ കഴിയാത്ത സഞ്ചിതമായ പാരമ്പര്യം ഓരോ വ്യക്തിക്കുമുണ്ട്. അതു ഓർമകളയായി, നാദങ്ങളായി, ചുരികളായി വ്യക്തിയിൽ വിലയം പ്രാപിച്ചിരിക്കുന്നു.” വർത്തമാന കാലത്തിൽ മലയാള കവിതയെ ജനമധ്യത്തിലേക്കു കൊണ്ടുവന്നവരിൽ അഗ്രഗണ്യനായ കവി Prof. മധുസൂദനൻ നായർ ‘കട്ടൻകാപ്പിയും കവിതയും’ കൂട്ടായ്മ ഒരുക്കിയ ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു. പാരമ്പര്യമാണ് തന്റെ ശക്തി എന്നു തുടർന്നു പ്രസ്താവിച്ചു.

കുമാരനാശാന്റെ കൃതികളെ ഹൃദയത്തിൽ പവിത്രമായി കൊണ്ടുനടക്കുന്ന കവി, ‘ചിന്താവിഷ്ടയായ സീത’ എന്ന ആശാൻ കൃതിയെപ്പറ്റി സംസാരിച്ചു. ‘Stream of consciousness’ എന്ന രചനാ സങ്കേതം ഉദാത്തമായ രീതിയിൽ ഈ കൃതിയിൽ ആശാൻ പ്രയോഗിച്ചു. പല ഭാവ തലങ്ങളിലൂടെ കടന്നുപോകുന്ന അന്യാദൃശമായ കവിതയാണിത് എന്നും അദ്ദേഹം പറഞ്ഞു.

കലാലയത്തിലെ തന്റെ ക്ലാസിനെ അനുകരിച്ചുകൊണ്ട് ‘ചിന്താവിഷ്ടയായ സീത’ യിലെ “ഇനിയാത്ര പറഞ്ഞിടട്ടെ ഹാ! ദിനസാമ്രാജ്യപതേ! ദിവസ്പതേ! അനിയന്ത്രിതദീപ്തിയാം കതിർ- ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.” എന്ന പദ്യം, സദസ്സിന്റെ ആവശ്യപ്രകാരം അദ്ദേഹം ‘പഠിപ്പിച്ചു’.

അഗസ്ത്യഹൃദയം, ഭാരതീയം, മേഘങ്ങളെ കീഴടങ്ങു, എന്നീ കവിതകൾ ഭാഗികമായി അദ്ദേഹം ആലപിച്ചു. അഗസ്ത്യഹൃദയത്തിലെ രാമൻ, വാല്മീകിയുടെ രാമനല്ല എന്നും, സ്വന്തം പ്രവർത്തിഫലമായ വിഷമങ്ങളിൽ എത്തിച്ചേരുന്ന നാമോരോരുത്തരും ആണെന്നും, പരിഹാരം പുറത്തല്ല എന്നും, അകത്തുള്ള പരിഹാരമായ അഗസ്ത്യനിലേക്കു സ്വന്തം മനസ്സാക്ഷി എന്ന ലക്ഷ്മണനാൽ നയിക്കപ്പെടെണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എത്ര നിരാകരിക്കാൻ ശ്രമിച്ചാലും, രക്ഷപ്പെടാൻ കഴിയാത്ത തരത്തിൽ പിടിമുറുക്കി വഴുക്കി വീഴ്ത്തുന്ന വർത്തമാനകാല പുറം ചോദനകളിൽ പെട്ടുഴറുന്ന മനുഷ്യാവസ്ഥയാണ് ‘മേഘങ്ങളെ കീഴടങ്ങുവിൻ’ എന്ന കവിതയുടെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു.

കവിയോടൊപ്പം അദ്ദേഹത്തിന്റെ സഹധർമ്മണിയും, KALA യുടെ രക്ഷാധികാരി Dr. സുകുമാരൻ നായരും സന്നിഹിതനായിരുന്നു. കൗമുദി യൂറോപ്പിന്റെ ‘റസിഡന്റ് എഡിറ്റർ’ മണമ്പൂർ സുരേഷ് നന്ദി പറഞ്ഞു. KALA യുടെയും, കൗമുദി യൂറോപ്പിന്റെയും സഹകരണത്തോടെ, മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ ആസ്ഥാനത്തു വച്ച് 2018 ഒക്ടോബർ 31നു നടത്തിയ ഈ പരിപാടിയിൽ, പ്രതിൽകൂല സാഹചര്യങ്ങൾ തരണം ചെയ്തു ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഭാഷാ സ്നേഹികൾ എത്തിയിരുന്നു.

Our Sponsors