‘’മലയാളം മിഷൻ’’ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം കേരളാ ഹൗസിൽ

ലണ്ടൻ∙  ബ്രിട്ടനിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളം പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രൂപം നൽകുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം ഇന്ന്. ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മലയാളി അസോസിയേഷൻ ഓഫ് യുകെ. (എംഎയുകെ) ഓഡിറ്റോറിയത്തിൽ ( കേരളാ ഹൗസ്) വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക മന്ത്രി എ. കെ ബാലൻ യുകെ ചാപ്റ്റർ ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിലെ മലയാളം പഠനകേന്ദ്രങ്ങളുടെ പ്രവർത്തകരും ഭാഷാ പ്രേമികളും ചടങ്ങിൽ സംബന്ധിക്കും. വരുംദിവസങ്ങളിൽ കെന്റ് ഉൾപ്പെടെയുള്ള വിവിധ മേഖലാ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

മലയാളി അസോസിയേഷൻ യു.കെ.യുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മലയാളം ക്ലാസുകളുടെ പുന:രാരംഭത്തിനും മലയാളം ലൈബ്രറിക്കും മന്ത്രി ചടങ്ങിൽ തുടക്കം കുറിക്കും.

പാർവതി നായരുടെ മോഹിനിയാട്ടത്തോടെ ചടങ്ങുകൾ സമാപിക്കും.

കേരളാ ഹൌസിന്റെ വിലാസം – 671, റോംഫോർഡ് റോഡ്, ലണ്ടൻ, പോസ്റ്റ് കോഡ് – ഇ12- 5എഡി

പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്റെ ലക്ഷ്യം. ‘’എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’’ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന മിഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾതന്നെ ഗൾഫ് രാജ്യങ്ങളിൽ സജീവമാണ്. ബ്രിട്ടനു പുറമെ അമേരിക്ക, ജർമനി, അയർലൻഡ് ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Our Sponsors