ദൃശ്യകല ( MAUK ) പിൻകുറിപ്പ് ………

 

യു . കെ . യിലെ മലയാള നാടകചരിത്രത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് . ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ സിംഗപ്പൂരിൽ നിന്നും യു . കെ . യി ലെത്തിയ   മലയാളികളിൽ കലാപ്രവർത്തനങ്ങളിൽ വ്യാപൃതരായവർ ധാരാളമുണ്ടായിരുന്നു . അവർ നമ്മുടെ തനത് കലാരൂപങ്ങളായ വിൽപ്പാട്ട് , ഓട്ടൻതുള്ളൽ തുടങ്ങിയവ അവതരിപ്പിക്കുന്നതിനോടൊപ്പം ദേവദാസപ്പണിക്കരുടെ നേതൃത്വത്തിൽ ‘ കൈരളി കലാസമിതി ‘ എന്ന സംഘടന  രൂപീകരിയ്ക്കുകയും നിരവധി നാടകങ്ങൾ അവതരിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞു  കേട്ടിട്ടുണ്ട് . ഇതൊക്കെ ” ദൃശ്യകല ”  എന്ന നാടകസമിതി രൂപം കൊള്ളുന്നതിന് മുൻപുള്ള ചരിത്രം …… നമുക്ക് ഇനി  ” ദൃശ്യകല ” യുടെ   ഉത്ഭവത്തെക്കുറിച്ചു പറയാം  ………….

 

യു . കെ . യിലെ ഏറ്റവും പഴക്കമേറിയ  മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ . യ്ക്ക് 1986  ൽ സ്വന്തമായി ഒരാസ്ഥാനം ഉണ്ടാവുകയും മുതിർന്നവരായ ഭാരവാഹികളോടൊപ്പം ആയിടയ്ക്ക്  നാട്ടിൽ നിന്നെത്തിയ  നിരവധിച്ചെറുപ്പക്കാർ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചു പോന്നു  .

നാടകപ്രേമികളായ ചിലർ ഒരു നാടകം അവതരിപ്പിയ്ക്കുന്നതിനെ

ക്കുറിച്ചുള്ള  തീവ്രമായ  പരിശ്രമത്തിലായിരുന്നു  . 1989 വരെ കാത്തിരുന്നുവെങ്കിലും  തങ്ങളുടെ പരിശ്രമം  വിഫലമായില്ല . ഒടുവിൽ

ശ്രീ . രാജൻ കിഴക്കനേല രചിച്ച ‘ പുരപ്പുറത്തൊരു രാത്രി ‘ എന്ന നാടകം അവതരിപ്പിയ്ക്കുവാൻ തീരുമാനിയ്ക്കുകയും , ആയിടയ്ക്ക്  ചില നാടകങ്ങളിൽ അഭിനയിച്ചിരുന്ന  ശ്രീ . ബാബു വിൻറെ  സംവിധാനത്തിൽ മലയാളി അസോസിഷൻ ഓഫ് ദി യു . കെ . യുടെ  ആദ്യനാടകത്തിൻറെ റിഹേഴ്സൽ ആരംഭിക്കുകയും ചെയ്തു .  ഒരു നാടക സമിതിയുടെ കഥയായിരുന്നു ഇതിവൃത്തം . ( മലയാളി അസോസിയേഷൻറെ നാടക  സമിതിയുടെ രൂപീകരണത്തിന് മുൻകൈ എടുത്തവരിൽ ശ്രീ.ബാബു വിനെക്കൂടാതെ  സുഭാഷ് വിശ്വനാഥൻ , സുഗേഷ് ഭാസ്കരൻ , ജോയി ഗോപി ,വക്കം .ബി .ജീ.,ശ്രീവത്സലൻ , ഫെബി , അസ്‌ലം ,ശ്രീജിത് ,ശശി .എസ് . കുളമട എന്നിവരെ ഓർക്കാതെ പോകുന്നത് ശരിയല്ല .)  കേരളകാത്തലിക് അസ്സോസിയേഷന്റെ

ക്രിസ്തുമസ്സ് പരിപാടിയോടനുബന്ധിച്ച് ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിലായിരുന്നു ആദ്യ അവതരണം . തുടർന്ന് സൗത്താളിലും , ക്രൊയ്ഡോണിലും ‘ പുരപ്പുറത്തൊരു രാത്രി ‘ അവതരിപ്പിച്ചു .

അതിനെത്തുടർന്ന്  ഒട്ടനവധി നാടകപ്രേമികൾ  നാടകത്തിൻറെ അരങ്ങിലും ,  അണിയറയിലും പ്രവർത്തിയ്ക്കുന്നതിനായി മുന്നോട്ടു വരികയുണ്ടായി .

ആദ്യനാടകത്തിൻറെ അവതരണത്തിന് ശേഷം ജരായു , യമപുരി തുടങ്ങിയ നാടകങ്ങൾ മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ യുടെ പേരിൽ അവതരിപ്പിയ്ക്കപ്പെട്ടു . ഈ മൂന്ന് നാടകങ്ങളും സംവിധാനം ചെയ്തത് ശ്രീ . ബാബു ആയിരുന്നു . അപ്പോഴാണ് ഏ. ആർ . നൗഷാദ് എന്ന കലാകാരൻ ‘ ചാർത്ത് ‘ എന്ന  നാടകം അവതരിപ്പിയ്ക്കുന്നതിനായി  മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ . യിൽ എത്തുന്നത് . നാടക സമിതിയ്ക്ക്  ഒരു പേര് വേണമെന്ന  ശ്രീ . നൗഷാദ് ൻറെ നിർദ്ദേശം എല്ലാവരും അംഗീകരിയ്ക്കുകയും  ” ദൃശ്യകല ”  എന്ന പേര്  അദ്ദേഹം നിർദ്ദേശിയ്ക്കുകയും  ചെയ്തു .

അങ്ങനെ ആദ്യമായി ” ദൃശ്യകല ” ( മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ ) അവതരിപ്പിയ്ക്കുന്നു ‘ ചാർത്ത് ‘ . എന്ന അനൗൺസ്മെൻറ് യു .കെ . യിലെ വേദികളിൽ  മുഴങ്ങിക്കേട്ടു . അത് ഇപ്പോഴും അഭംഗുരം തുടരുന്നു . 1989  മുതൽ 1997  വരെയുള്ള   കാലയളവിൽ 12  ലധികം ലഘു നാടകങ്ങൾ ‘ ദൃശ്യകല ‘ അവതരിപ്പിയ്ക്കുകയുണ്ടായി . അക്കാലത്ത്  സൗത്താൽ , ക്രൊയ്ഡോൺ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിരുന്ന നാടകമത്സരങ്ങളിൽ ‘ ദൃശ്യകല ‘ നാടകങ്ങൾ അവതരിപ്പിയ്ക്കുകയും , നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . അതുപോലെ തന്നെ നിരവധി കലാപ്രവർത്തകരുടെ നാടക ജീവിതം ആരഭിയ്ക്കുന്നതും ‘ ദൃശ്യകല ‘ യിലൂടെയാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും .

1997 ൽ ഒരു വലിയ നാടകം അവതരിപ്പിയ്ക്കുന്നതിനെക്കുറിച്ചു ആലോചിയ്ക്കുകയും , ശ്രീ . തിക്കോടിയൻ രചിച്ച ” പുതുപ്പണം കോട്ട ” എന്ന നാടകം അവതരിപ്പിയ്ക്കുവാൻ തീരുമാനിക്കുകയും ചെയ്തു .ദൃശ്യകലയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീ.ബാബു വിനെ സംവിധാന ചുമതല ഏൽപ്പിയ്ക്കുകയും ചെയ്തു. അന്നുവരെ “ജ്വാലാമുഖികൾ ” എന്ന നാടകത്തിൽ ഒരു കുട്ടിയുടെ വേഷമിട്ട ബേബി മഞ്ജുവായിരുന്നു ” ദൃശ്യകല ” യിലെ ഏക സ്ത്രീ സാന്നിദ്ധ്യം.  അഞ്ചോളം വരുന്ന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുവാൻ നടികളെ ത്തേടി അലയുമ്പോഴാണ് ആയിടയ്ക്ക് ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യു.കെ അവതരിപ്പിയ്ക്കാറുള്ള നാടകങ്ങളിൽ സ്ത്രീ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ശ്രീമതിമാർ.സുലോചനാ ശ്രീധരൻ,രാധാ ഗോപിനാഥ് ( സകലകലാ വല്ലഭൻ ശ്രീ.വില്ലൻ ഗോപി യുടെ സഹധർമിണി) എന്നിവരുടെ മുന്നിലെത്തുന്നതും  അവർ അഭിനയിയ്ക്കാമെന്ന് സമ്മതിയ്ക്കുകയും ചെയ്യുന്നത് . കൂടാതെ ഉഷാ മോഹൻദാസ്,സ്‌റ്റെഫനി ഗോപാൽ,ജാസ്‌ലിൻ ഷിമ്മി ( നർത്തകി യുടെ വേഷം ) എന്നിവരെ കണ്ടെത്തുകയും നാടകം റിഹേഴ്സൽ ആരംഭിയ്ക്കുകയും ഈസ്റ്റ് ഹാമിലുള്ള പ്ളാഷറ്റ് സ്‌കൂളിൽ ആദ്യാവതരണം അരങ്ങേറുകയും ചെയ്തു.

ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ പുതുപ്പണം കോട്ട എന്ന നാടകത്തിലൂടെ ദൃശ്യകല യിലെത്തിയ ശ്രീ.വില്ലൻ ഗോപി,സുലോചനാശ്രീധരൻ,രാധാ ഗോപിനാഥ്‌ എന്നിവർ പിന്നീട്  ദൃശ്യകല യുടെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരുന്നു. പുതുപ്പണം കോട്ടയുടെ ഇടവേള സമയം ദൃശ്യകല യുടെ അടുത്ത നാടകമായ ” പന്ത്രണ്ട്  പെറ്റൊരമ്മ ” യുടെ അനൗൺസ് ചെയ്തു. അത്ര ആത്മധൈര്യമാണ് പുതുപ്പണം കോട്ട യുടെ റിഹേഴ്സൽ സമയത്തും,അവതരണ സമയത്തും ലഭിച്ചത് .

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മയുടെ അവതരണത്തിന് ശേഷം  നാല് വർഷത്തെ ഇടവേള എന്തുകൊണ്ടോ  ദൃശ്യകല യിൽ ഉണ്ടായി.അപ്പോഴാണ് പ്രശസ്ത നാടക കൃത്ത്  ശ്രീ.രാജൻ കിഴക്കനേല രചിച്ച  കവി ഇടപ്പള്ളി രാഘവൻ പിള്ള യുടെ ജീവിത കഥ പറയുന്ന ” വരിക ഗന്ധർവ്വ ഗായക ” എന്ന നാടകം നാട്ടിൽ ജൈത്ര യാത്ര നടത്തുന്നത്. ആനാടകം   ദൃശ്യകല അവതരിപ്പിയ്ക്കുവാൻ തെരഞ്ഞെടുക്കുകയും   നാല് വർഷം സൃഷ്ടിച്ച ശൂന്യത മാറ്റുവാൻ സാധിയ്ക്കുകയും ചെയ്തു. ഒരു വൻ വിജയമായിരുന്നു “വരിക ഗന്ധർവ്വ ഗായക” നാടകം.

തുടർന്ന് “ആര്യവൈദ്യൻ വയസ്കര മൂസ് “,”കുഞ്ചൻ നമ്പ്യാർ”, “രാജസഭ”  എന്നീ നാടകങ്ങൾ ദൃശ്യകല അവതരിപ്പിച്ചു.  യു . കെ . യുടെ ചരിത്രത്തിൽ 25 വർഷം പിന്നിടുന്ന ഒരേയൊരു മലയാള നാടക സമിതിയാണ് ” ദൃശ്യകല ” ( MAUK ) . ഇരുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിയ്ക്കുകയും അരങ്ങിലും , അണിയറയിലും പ്രവർത്തിച്ചവരെ ആദരിയ്ക്കുകയും ചെയ്തു . പുരസ്കാരദാനത്തിനു ശേഷം ” നിറ നിറയോ നിറ ” എന്ന നാടകം അവതരിപ്പിയ്ക്കുകയും ചെയ്തു .

 

ആർട്ടിസ്റ്റ് . ശിവാനന്ദൻ കണ്വാശ്രമത് , ആർട്ടിസ്റ്റ് . ഏ .ജീ . കുളമട , ആർട്ടിസ്റ്റ് . സുജാതൻ , ആർട്ടിസ്റ്റ് . വിജയൻ കടമ്പേരി എന്നിവർ ദൃശ്യകല യ്ക്ക് വേണ്ടി രംഗ പടങ്ങൾ വരച്ചപ്പോൾ വൈപ്പിൻ സുരേന്ദ്രൻ , എം . കെ .അർജ്ജുനൻ , പ്രണവം മധു എന്നിവർ സംഗീതം ഒരുക്കി ദൃശ്യകലയുടെ ഭാഗമായിട്ടുണ്ട് . ആര്യവൈദ്യൻ വയസ്കരമൂസ്സ് എന്ന നാടകത്തിൻ്റെ അവതരണത്തോടെയാണ് ദൃശ്യകലയ്ക്ക് ഒരു അവതരണ ഗാനം ഉണ്ടാകുന്നതു .പ്രശസ്തകവി .ശ്രീ . പകൽക്കുറി വിശ്വൻ്റെ  വരികൾക്ക്  പ്രണവം മധു സംഗീതവും , ആലാപനവും നിർവ്വഹിച്ചു .

 

” ദൃശ്യകല ” യുടെ വളർച്ചയ്ക്ക് കാരണക്കാരായവരിൽ നിരവധി പേരുടെ നിസ്വാർത്ഥ മായ സേവനത്തിൻറെ,വിയർപ്പിൻറെ വിലയുണ്ട്.   ” അവരെ സ്മരിക്കാതെ പോകുന്നത് ശരിയല്ല .  ശ്രീ . വെട്ടൂർ . ജീ . കൃഷ്ണൻ കുട്ടി , ആർട്ടിസ്റ്റ് . ശിവാനന്ദൻ കണ്വാശ്രമത് . എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയെങ്കിലും  . അവരുടെ സാന്നിദ്ധ്യം  ഇപ്പോഴും  ‘ ദൃശ്യകല ‘ യിൽ  അനുഭവപ്പെടുന്നുണ്ട് .  കൂടാതെ നിഹാസ് റാവുത്തർ , നവാസ് റാവുത്തർ , ഫ്രെഡിൻ സേവ്യർ , റോയി രാമദാസ് ,ബിജു ലോറൻസ് , ഷൈൻ , ജോൺസൺ ,ദിനു കമൽ ,വില്ലൻ ഗോപി ,മോഹൻദാസ് , ജോയി മാധവാനന്ദൻ ,രവി പിള്ള , വക്കം . ജീ . സുരേഷ് കുമാർ , മുരളി പിള്ള , ജ്യോതിഷ് കുമാർ , മുകുന്ദൻ , ശശി രാജൻ , കുഞ്ഞൻ , രവി ഭാസ്കരൻ , സുര ഭാസ്കരൻ ,സുഭാഷ് പിള്ള , ജയപാൽ , സാംബശിവൻ , സുധീർ വാസുദേവൻ , അജി , അനിൽ , മെഹറൂഫ് , വിജയകുമാർ പിള്ള , വിജയ് ചേന്നം കോട് , ഹാരീസ് ,ജെയ്‌സൺ ജോർജ്ജ് , നാഷ് റാവുത്തർ , കീർത്തി സോമരാജൻ ,അജിത് , മനോജ് ശിവ , കാപ്പിൽ രാജേഷ് , സതീഷ് കുമാർ , കെ . ജീ . നായർ , രാജീവ് , സഞ്ജീവ് , ഫ്രാൻസീസ് , മൈക്കിൾ , മധു പിള്ള ,  മഞ്ജു ,രാധാ ഗോപിനാഥ്‌ , സുലോചനാ ശ്രീധരൻ , ജീജാ ശ്രീധരൻ , ശ്രീലതാ അശോക് കുമാർ , ധന്യാ അശോക് കുമാർ , ഉഷാകുമാരി , ഉഷാമോഹൻദാസ് , സ്‌റ്റെഫനി , ജാസ് ലിൻ ഷിമ്മി , രോഹണി , ശ്രുതി , ശില്പ , പ്രസന്നാ പിള്ള , ഷീബാ സതീപ് , അനിതാ ദിനേശ് , സുനിതാ ദിനേശ് , ഷീബാ മനോജ് മല്ലികാ രാജൻ , ആൻജെലിൻ  തുടങ്ങിയവർ ദൃശ്യകലയുടെ ( പേരുകൾ അപൂർണ്ണം ) അരങ്ങിലും , അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട് .

 

അവസാനമായി നാടകമെന്ന കലയെ കുറിച്ചൊരു പാഥേയം . ജീവിത തന്നെ ഒരു നാടകമാണെന്നല്ലേ ഷേക്‌സ്‌പിയർ  പറഞ്ഞത്. അതെ , ജീവിത സംഘട്ടനത്തിന്റെ  കഥയാണ് നാടകം . നമ്മൾ ജനിച്ചതും ,വളർന്നതും എല്ലാം കാല വിസ്തൃതിയിലൂടെ വലിച്ചു നീട്ടപ്പെട്ട  ദൈനംദിന  ജീവിതത്തിലെ – ശ്രദ്ധിക്കപെടുന്നതും ,ശ്രദ്ധിക്കപ്പെടാത്തതുമായ – അതി സൂക്ഷ്മവും , അതി ഘോരവുമായ ചലനങ്ങളുടെയും  ,വിസ്പോടനങ്ങളുടെയും ഒക്കെ അനന്തമായ  സംഘട്ടന പരമ്പരകളിലൂടെയാണ് .

ഈ സംഘട്ടനപരമ്പരകളുടെ  കലാപരവും , കേന്ദ്രീകൃതവുമായ  ചിത്രമാണ് -അനുകരണമാണ് – നാടകം . നാടകത്തെ കുറിച്ചുള്ള ഒട്ടേറെ നിർവചനങ്ങളിൽ ഏറ്റവും ലളിതവും , പ്രസക്തവുമായതും അത് തന്നെയാണ് : അരിസ്റ്റോട്ടിൽ പറഞ്ഞു : ഒരു ക്രിയയുടെ  അനുകരണമാണ് നാടകം (an imitation of an action )

മലയാള നാടകാചാര്യൻ  ശ്രീ N N Pillai യുടെ വാക്കുകൾ സ്മരിച്ചു കൊണ്ട് ചുരുക്കുന്നു .”പിന്നിൽ ഒരു മറ , നിൽക്കാൻ ഒരു തറ , എന്റെ മുന്നിൽ നിങ്ങൾ , എന്റെ ഉള്ളിൽ ഒരു നാടകവും .. അതാണ് തിയേറ്റർ .

 

Our Sponsors