Blog

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ!

മലയാളി അസോസിയേഷന്റെ കട്ടൻ കാപ്പിയും കവിതയും പതിവായി പോകണം എന്നാഗ്രഹമുണ്ടെങ്കിലും പലവിധ തിരക്കുകളും പ്രാരാബ്ധങ്ങളും കാരണം പങ്കുകൊള്ളാൻ തീരെ സാധിക്കാത്ത ഒരു പരിപാടിയാണ്. കാപ്പി പോലെ തന്നെ ആളുകൾക്ക് ഉണർവേകി, വിജ്ഞാനാവും വിനോദവും പകർന്നു നൽകുന്ന കട്ടൻ കാപ്പിയിൽ ഓഗസ്റ്റ് ഇരുപതിനാണു ഞങ്ങളെ ഒക്കെ വിസ്മയിപ്പിച്ച സംഗീതജ്ഞൻ പോളി വർഗീസ്നെ കണ്ടതും അദ്ദേഹത്തിന്റെ സംഗീതവും വീണാ നാദവും അനുഭവിച്ചറിയാൻ ഭാഗ്യം ഉണ്ടായതും. ഇത്രയും ഒരു ക്ലാസ് പ്രോഗ്രാം അതിനൊപ്പം ഭക്ഷണവും ഒരു പെൻസ് പോലും ചിലവില്ലാതെ കാണാനും ആസ്വദിക്കാനും അവസരം ഉണ്ടാക്കിയ അസോസിയേഷൻ ഭാരവാഹികളോടും , പ്രിയൻ , മീര, മനോജ് തുടങ്ങിയവരോടുമുള്ള അകമഴിഞ്ഞ നന്ദിയും അഭിനന്ദനവും ആദ്യം തന്നെ അറിയിക്കുന്നു. നാല് സിനിമാഗാനം കരോക്കെ വെച്ച് അസ്സ്വാദ്യകരമല്ലാത്ത രീതിയിൽ പാടുന്നതിനു പോലും പതിനഞ്ചു പൗണ്ട് ചാർജ് ചെയ്യുന്നിടത്താണ് ഇങ്ങനെ ഒരു പ്രോഗ്രാം ഫ്രീ ആയി നൽകിയതെന്നതു അതിശയകരം തന്നെ! പോളി വര്ഗീസ് എന്ന വ്യക്തിയെ കുറിച്ച് നേരത്തെ കേട്ടിരുന്നില്ല എന്ന് പറയാൻ ലജ്ജ തോന്നുന്നു, ഈ ഗായകന്റെ പെർഫോമൻസ് കണ്ടു കഴിഞ്ഞപ്പോൾ. ഇപ്പോൾ മനസ്സിലായി സെലിബ്രിറ്റികളെ ആരൊക്കെയോ ചേർന്ന് എന്തിനോവേണ്ടി സൃഷ്ഠിച്ചെടുക്കുകയാണെന്നും; പേരുകേട്ട സെലിബ്രിറ്റീസ്നെ ക്കാൾ വളരെയേറെ പ്രതിഭയുള്ള മാണിക്യകല്ലുകൾ ആരാലും അറിയപ്പെടാതെയും, ശ്രദ്ധിക്കപ്പെടാതെയും എവിടെയൊക്കെയോ ഇതുപോലെ മറഞ്ഞു കിടപ്പുണ്ടെന്നും! ലോകത്തു തന്നെ മോഹന വീണ വായിക്കുന്ന ആറോ ഏഴോ പേരിൽ ഒരാൾ പോളി വര്ഗീസ് എന്ന മലയാളി ആണ് എന്നത് മലയാളികൾക്ക് എല്ലാം അഭിമാനം തരുന്ന കാര്യം തന്നെ. വീണപാരായണം കൊണ്ടും, ഒരിടി മുഴക്കം പോലെ അരോഹണംവിണ്ണോളം ഉയർന്നു, മെല്ലെ മെല്ലെ അവരോഹണം മണ്ണിലേക്കൊരു കുളിരായി പെയ്തിറങ്ങുന്ന സ്വരമാധുരി കൊണ്ടും പോളി വര്ഗീസ് എന്ന ഗായകൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. നാദമാധുരി ശ്രവണ സുന്ദരമെങ്കിലും അതിലേക്കു അദ്ദേഹം നടന്നണഞ്ഞ ബാല്യ കൗമാര യൗവ്വന ദുരിതങ്ങളുടെയും അലച്ചിലിന്റെയും കഥ അവിശ്വസനീയവും കരളലിയിക്കുന്നതുമായ യിരുന്നു! യാതൊരു വിധ ജാഡകളുമില്ലാതെ ആസ്വാദ്യകരമായിത്തന്നെ തന്റെ കല്ലും മുള്ളും നിറഞ്ഞ ജീവിത കഥ positive ആയി തന്നെ കാണാൻ കഴിയുന്നു എന്നതും ഈ ഗായകന്റെ മാത്രം പ്രത്യേകതയാവാം ! ഇതേ പോലെ അനുഗ്രഹീതരായ അറിയപ്പെടാത്ത കലാകാരന്മാരെ സഹായിക്കുകയും വെള്ളിവെളിച്ചത്തിലേക്കു കൊണ്ട് വരികയുമാണ് MAUK പോലെയുള്ള സാമൂഹിക സംഘടനകൾ ചെയ്യേണ്ടത്. ഗായകനും സംഘാടകർക്കും ഒരിക്കൽ കൂടി നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ആശംസകൾ !

Become a Member