ദൈവത്തിന്റെ പുസ്‌തകം

മതം ഏതായാലും അവർ സംരക്ഷകരാണ് !
സംരക്ഷകരായി പിറക്കുന്നൂ… ദൈവങ്ങൾ !
വിധേയപ്പെടുക !

 

തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്‌യപ്പെട്ട് മതവിശ്വാസികളുടെ സംരക്ഷണയിൽ നിന്നും മതഭ്രാന്തൻമാരുടെ സംരക്ഷണയിലേയ്‌ക്ക് പറിച്ചുനടപ്പെടുന്ന അദൃശ്യ ജൻമം ! കോടാനുകോടി വർഷങ്ങൾ കഴിഞ്ഞാലും പരിണാമമേശാത്ത മാനസപുത്രന്മാരും പുത്രികളും ! സംരക്ഷകർ എന്ന വ്യാജേന അവരെ മതങ്ങൾ മനുഷ്യരിൽ പ്രതിഷ്ഠിക്കും. പിന്നെ അവരെ സംരക്ഷിക്കേണ്ടത് പേറുന്നവരുടെ ചുമതലയാണ്. അവർ മതഗ്രന്ഥങ്ങളിൽ അട്ടിയിട്ട് അടയിരിക്കുന്നതുപോലെതന്നെ ഇത്തിൾക്കണ്ണികളായി മനുഷ്യന്റെ മനസ്സിൽ പടർന്നു തഴച്ചുവളർന്ന് അവന്റെ ചെയ്‌തികളുടെ ഭാഗമായിത്തീരും.

 

ജാഗ്രതൈ…!

മനുഷ്യരെ സംരക്ഷിക്കേണ്ട മനുഷ്യർ ദൈവങ്ങളെ സംരക്ഷിക്കാൻ നിർബന്ധിതരാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു അവതാരപുരുഷനും മനുഷ്യരെ സംരക്ഷിക്കാനാവില്ല. എത്തുകയുമില്ല. അതാണിതുവരെയുള്ള ചരിത്രവും. ആർക്കെങ്കിലും ഭൂമിയിൽ മനുഷ്യരെ സംരക്ഷിക്കുവാൻ കഴിയുമെങ്കിൽ അത് മനുഷ്യർക്കു മാത്രമാണ്. അവർ തന്നെയാണ് തന്റെ സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കുവാൻ പ്രാപ്തൻ. സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ സംരക്ഷിക്കുന്നപോലെ സമൂഹത്തെയും മനുഷ്യന് സംരക്ഷിക്കാൻ കഴിയണം. അവിടെ മാനവികതയാവണം പ്രതീകവും ആയുധവും. പലപ്പോഴും ഈ പ്രക്രിയയിൽ പങ്കുചേരുന്ന വ്യക്തിത്വങ്ങൾ ചില പ്രത്യേക പരിഗണന അർഹിക്കുന്നു. അങ്ങനെയൊരു വ്യക്തിത്വത്തിനുടമയാണ് കെ പി രാമനുണ്ണി.

നന്നേ ചെറുപ്പത്തിൽ തന്നെ കഥകൾ എഴുതിത്തുടങ്ങിയ, ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രാമനുണ്ണി 1995 ൽ കൊൽക്കത്തയിലാണ് ജനിച്ചത്. (പുസ്തകങ്ങളിൽ ജന്മദേശം പൊന്നാനി എന്നാണ് കൊടുത്തിട്ടുള്ളത് ) അസിസ്റ്റന്റ് മാനേജർ പദവിയിൽ ബാങ്ക് ഉദ്യോഗസ്ഥനായി ജോലിനോക്കവെ മുഴുസമയ സാഹിത്യപ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ച ഭാഷാസ്നേഹി. അടുത്തകാലത്ത് വിവാദങ്ങളിൽ നിറഞ്ഞുനിന്ന മലയാളത്തിന്റെ എഴുത്തുകാരൻ. ഹിന്ദു വർഗീയവാദികളുടെയും മുസ്‌ലിം വർഗീയവാദികളുടെയും ഭീഷണികൾക്ക് മുന്നിൽ പതറാതെ നിന്ന വ്യക്‌തിത്വം.

നോവലെഴുത്തിൽ ‘സൂഫി പറഞ്ഞ കഥ’യിൽ തുടങ്ങി വയലാർ അവാർഡ് നേടിയ ‘ജീവിതത്തിന്റെ പുസ്‌തകവും’കഴിഞ്ഞു കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് നേടിയ ‘ദൈവത്തിന്റെ പുസ്തക’ത്തിൽ എത്തി നിൽക്കുന്പോൾ, മതങ്ങളെ വർഗീയ വിഘടനവാദികളിൽ നിന്നും സംരക്ഷിച്ച് വിശ്വാസികളിൽ ഒതുക്കിനിർത്തി മാനുഷികമൂല്യങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയ്‌ക്ക് രാമനുണ്ണിയുടെ എഴുത്തും ജീവിതവും ഊന്നൽ നൽകുന്നു.

മതാചാരങ്ങൾ തന്നെ കാലദേശഭേദമനുസരിച്ച് വ്യത്യസ്‌തമായി ആചരിക്കപ്പെടുന്പോൾ ഈ ആശയം എത്രത്തോളം പ്രായോഗികമാണെന്നറിയില്ല. അതും വർഗീയ വിഘടനവാദ പ്രവർത്തനങ്ങൾ വിശ്വാസത്തിന്റെ മൂർത്തിമത്ത് ഭാവമാവുന്പോൾ ! കേരളത്തിൽപ്പോലും ഇന്ന് വേരുപിടിക്കുന്ന ഹിന്ദുത്വഫാസിസം തന്നെ അതിന് തെളിവ്. അത് മറ്റു പ്രദേശങ്ങളിൽനിന്നും കേരളത്തിലേക്ക് പറിച്ചുനടപ്പെടുകയാണ്.

പൊന്നാനിയുടെ എഴുത്തുകാരായ ഇടശ്ശേരിയും, ഉറൂബും, എം ടി വാസുദേവൻ നായരും, മാധവിക്കുട്ടിയും, സി രാധാകൃഷ്ണനുമൊക്കെ സഹമതസ്നേഹം എഴുത്തിലും ജീവിതത്തിലും കാണിച്ചിട്ടുള്ളപ്പോൾ, കാലം മാറെ മാറെ, അതെ പൊന്നാനിക്കാരനായ രാമനുണ്ണിയുടെ രചനകളിലും ജീവിതത്തിലുമുള്ള സഹമതസ്നേഹത്തെ മുസ്ലിം പ്രീണനമായി ചിത്രീകരിക്കുന്നത് ഒരു യഥാർഥ ഹിന്ദുവിന് ഹിന്ദുത്വഫാസിസം എന്തുമാത്രം ഭീഷണിയാണെന്നുള്ളതിന്റെ ഉദാഹരണമാണ്. അല്ലെങ്കിൽ ഒരു ഹിന്ദുമതവിശ്വാസിയിൽ ഹിന്ദുത്വഫാസിസം എത്രമാത്രം അടിച്ചേൽപിക്കപ്പെട്ടുകഴിഞ്ഞു എന്നുള്ളതിനുദാഹരണമാണ്.

കേരളസാഹിത്യ അക്കാദമി അവാർഡിന് അർഹമായ രാമനുണ്ണിയുടെ ആദ്യ നോവലായ, അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌യപ്പെട്ട ‘സൂഫി പറഞ്ഞ കഥ’ ഹിന്ദു യുവതിയായ കാർത്തിയുടെയും മുസ്ലിമായ മാമൂട്ടിയുടെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുന്നു. ഈ കഥ പ്രിയനന്ദനൻ സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും തയ്‌യാറാക്കിയത് രാമനുണ്ണി തന്നെയായിരുന്നു. എട്ടു ഭാഷകളിലേയ്‌ക്ക് മൊഴിമാറ്റം ചെയ്‌യപ്പെട്ട ‘സൂഫി പറഞ്ഞ കഥ’, സിനിമാവിഷ്‌കാരം ഒരു സാഹിത്യകൃതിയെ എത്രത്തോളം പ്രചാരമുള്ളതാക്കിമാറ്റും എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ്.

അതിയന്നൂർ കടപ്പുറത്തെ സാധാരണ മനുഷ്യരുടെ പച്ചയായ ഗ്രാമീണജീവിതം യാഥാർഥ്യവും ഫിക്ഷനുമായി ചാലിച്ചെഴുതുകയാണ് ‘ജീവിതത്തിന്റെ പുസ്‌തക’ത്തിൽ രാമനുണ്ണി. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദവർമ്മരാജ വീടും ഓഫിസും ട്രെയിൻ യാത്രയുടെതുമൊക്കെയായ തടവറയിൽ നിന്ന് മോചനം നേടിയാണ് കാഞ്ഞങ്ങാട്ട് റെയിൽവേ ഫ്ലാറ്റുഫോമിൽ വണ്ടിയിറങ്ങുന്നത്. ജോലിചെയ്‌തിരുന്ന സ്ഥാപനവും കുടുംബവും മരിച്ചുവെന്ന് സ്ഥിതീകരിച്ച ഗോവിന്ദവർമ്മരാജ സ്‌മൃതിനാശം സംഭവിച്ച് അതിയന്നൂർ കടപ്പുറത്ത് ജീവിക്കുന്നു. തുടർന്നയാൾ സുബൈദയിലെത്തിപ്പെട്ട് വ്യത്യസ്‌തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. നാഗരികജീവിത ചിട്ടവട്ടങ്ങളിൽ നിന്നും താഴേക്കിടയിലുള്ളവരുടെ ഗ്രാമീണജീവിത ചിട്ടവട്ടങ്ങളിലേക്കുള്ള ഗോവിന്ദവർമ്മരാജയുടെ സ്‌മൃതിനാശത്തിലൂടെയുള്ള പരകായപ്രവേശം. ഭാഷയുടെ, പദപ്രയോഗങ്ങളുടെ അനുസ്യൂതമുള്ള ഒഴുക്കിൽ സുബൈദയുമായുള്ള രതിവൈകൃതത്തിന്റെ ആവർത്തിച്ചുള്ള നോവലിലെ വിവരണം പലപ്പോഴും വായനയുടെ രസം ചോർത്തിക്കളയാതിരിക്കുന്നില്ല. ഒരു പ്രത്യേക പ്രദേശത്തിന്റെ, ജനവിഭാഗത്തിന്റെ ഭാഷ വളരെ മനോഹരമായി ഈ നോവലിൽ അവതരിപ്പിച്ച് രാമനുണ്ണി വായനക്കാരനെ തന്നിലേക്ക് അടുപ്പിച്ചു നിർത്തുന്നു.

ജീവിതത്തിന്റെ പുസ്തകത്തിൽ നിന്നും ‘ദൈവത്തിന്റെ പുസ്തക’ത്തിൽ എത്തുന്പോൾ, ശാസ്‌ത്രത്തിൽ തുടങ്ങി NASA യിലൂടെ ചരിത്രകഥാപാത്രങ്ങളെയും പൗരാണികസങ്കൽപത്തിലൂടെ കൃഷ്ണനെയും, നബിയെയും, അനുബന്ധ കഥാപാത്രങ്ങളെയും ഈ നോവലിൽ രാമനുണ്ണി അവതരിപ്പിക്കുന്നു. ഫിക്ഷനൽ കഥാപാത്രങ്ങളെത്തന്നെ ഫിക്ഷനും ചരിത്രവും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന രചനാരീതി. ശരിക്കും ഓരോ ഭാഷാസ്നേഹിയും വായിച്ചിരിക്കേണ്ട ഒരു നോവൽ കൂടിയാണ് ‘ദൈവത്തിന്റെ പുസ്തകം’. മതതീവ്രവാദികളുടെ കൊലവിളികൾ വളരെ ഏശാതെ വിമോചിതമായി ഈ നോവൽ നിലകൊള്ളുന്പോൾ ഇതിന്റെ ഇന്നുവരെയുള്ള വായനക്കാർ സഹിഷ്ണുക്കളായ സഹൃദയരായിരിക്കും എന്നുള്ള വസ്‌തുത ഏറെ സന്തോഷം നൽകുന്നു.

അനനുകരണീയമായ ഒരു ഭാഷയുടെ (എഴുത്തിന്റെ) ഉടമയാണ് രാമനുണ്ണി. അദ്ദേഹത്തിന്റെ വാക്കുകളുടെ ആവനാഴിയിൽ ഒരിക്കലും അന്പുകൾ ഒഴിയുന്നില്ല. ഗുണനിലവാരവും ഡീസൻസിയും നോക്കി പദങ്ങൾ തെരയുവാൻ പോകാതെ, പലരും എഴുതാൻ മടിക്കുന്ന മലയാള പദങ്ങളെ ഉപയോഗിച്ച് എഴുത്തിനെ മനോഹരമാക്കുന്നതിൽ രാമനുണ്ണി നോവലിലുടനീളം പരാജയപ്പെടുന്നില്ല ! അദ്ദേഹത്തിന്റെ പല പദപ്രയോഗങ്ങളും വായനക്കാരനെ ചിന്തിപ്പിച്ച് ചിരിപ്പിക്കുന്നവയാണ്. കൃഷ്ണനായാലും നബിയായാലും ഹനുമാനായാലും വളിവിട്ടു എന്നു പറയണമെങ്കിൽ, ദൈവങ്ങൾ വളിവിട്ടു എന്നുപറഞ്ഞാൽ മോശമാകില്ലേ എന്നു നിനച്ച് രാമനുണ്ണി ഒരിക്കലും കീഴ്‌ശ്വാസം എന്ന പദം തേടിപ്പോകില്ല. കഥയിലും നോവലിലുമൊക്കെ ലൈംഗികതയെ പൊലിപ്പിച്ചുകാണിക്കുവാനുള്ള രാമനുണ്ണിയുടെ ശ്രമം പ്രകടമാണ്. പല സന്ദർഭങ്ങളിലും സെക്സ് അനിവാര്യമാണെന്നിരിക്കെ എഴുത്തിൽ അതിന്റെ അതിപ്രസരം അല്ലെങ്കിൽ ആവർത്തനം വായനക്കാരനിൽ ചിലപ്പോഴെങ്കിലും മനംപുരട്ടൽ ഉണ്ടാക്കാതിരിക്കുന്നില്ല.

‘ദൈവത്തിന്റെ പുസ്തകം’ വായിക്കുന്പോൾ, എഴുതിയും എഴുതിയും വർണിച്ചും വർണിച്ചും മതിവരാത്ത എഴുത്തുകാരനാണോ രാമനുണ്ണി എന്ന് വായനക്കാരന് തോന്നിയേക്കാം. ഹ്രസ്വമായി പറഞ്ഞുപോയി വായനക്കാരനിൽ ജിജ്ഞാസയും ഭാവനയും വളർത്തുന്ന പല സംഭവങ്ങളും മറ്റൊരിടത്ത് ദീഘമായി തന്റെ തനതുശൈലിയിൽ അവതരിപ്പിക്കുന്പോൾ പുസ്തകത്തിന്റെ വലിപ്പം കൂടുന്നതോടൊപ്പം, വായനക്കാരന് എന്തോ നഷ്ടമായ പ്രതീതി ഈ രചനാരീതിയിലൂടെ രാമനുണ്ണി നോവലിൽ ജനിപ്പിക്കുന്നു. ഈ രചനാരീതി എഴുനൂറു പേജുള്ള നോവൽ വായിച്ചുതീരുന്പോൾ കഥാകൃത്ത് അറിയാതെയോ മനപ്പൂർവമായോ ഒരു കഥയില്ലായ്‌മ അവസാനം സൃഷ്ടിക്കുന്നു.

കൃഷ്‌ണനെയും നബിയെയും സഹോദരങ്ങളായി ചിത്രീകരിക്കുന്നതിലൂടെ, ഇന്ന് മാനവികത ആർജ്ജിക്കേണ്ട വിശ്വസാഹോദര്യം എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുവാനുള്ള വലിയൊരു ശ്രമമാണ് ‘ദൈവത്തിന്റെ പുസ്‌തകം’ എന്ന നോവലിലൂടെ ഇന്ത്യൻ ജനജീവിതത്തിന് ഭീക്ഷണിയായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഫാസിസ്റ്റുകളുടെ വളർച്ചയെ തടയുക എന്ന അടിസ്ഥാന ലക്ഷ്യവുമായി രൂപം കൊണ്ട ‘സർവധർമ്മ സമഭാവന’യുടെ സജീവ പ്രവർത്തകനായ കെ പി രാമനുണ്ണി രചനയിലൂടെ നിർവഹിക്കുന്നത് എന്നുവേണം കരുതാൻ !

തീവ്ര ഹിന്ദുത്വവാദികളിൽ നിന്നും ഹിന്ദുമതവിശ്വാസികളെ സംരക്ഷിച്ചുനിർത്തുവാനായി അമേരിക്കയിൽ പ്രവർത്തിക്കുന്ന സംഘടനയായ ‘സാധന’യുടെ പ്രവർത്തനങ്ങളുമായി വളരെ സമാനതകളുള്ള ‘സർവധർമ്മ സമഭാവന’ എന്ന സംഘടനയിൽ എം ടി യും, സച്ചിദാനന്ദനും, ആറ്റൂർ രവിവർമ്മയും, ബി രാജീവനും, കെ എൻ പണിക്കരും, എം കെ സാനുവും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്.

അതെ…, മുള്ളെടുക്കുവാൻ മുള്ളിനെക്കാൾ പോന്ന വേറെ ഏത് ആയുധമാണുള്ളത് !

എന്തിന് മതഭ്രാന്തന്മാർ കെ പി രാമനുണ്ണിയെ വേട്ടയാടുന്നു ?

രചനകളിൽ അദൃശ്യരായ ദൈവങ്ങളെ പരാമർശിക്കുന്നതിനാണോ ?

അതോ, കേന്ദ്രസാഹിത്യഅക്കാദമിയിൽ നിന്നും ലഭിച്ച അവാർഡ് തുക വർഗീയവാദികൾ തച്ചുകൊന്ന ജുനൈദിന്റെ ഉമ്മയ്‌ക്ക് നൽകിയതിനാണോ ?

അതുമല്ലെങ്കിൽ, ആരാധനാലയത്തിൽ വെച്ച് ഒരു പിഞ്ചു കുഞ്ഞിനെ നരാധമന്മാർ മൃഗീയമായി ഭോഗിച്ചുകൊന്നതിൽ മനം നൊന്ത് കണ്ണൂര് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പശ്ചാത്താപ ശയനപ്രദക്ഷിണം നടത്തിയതിനോ ?

ഐ എസും, താലിബാനുമൊക്കെ മനുഷ്യക്കുരുതി നടത്തുന്പോൾ അവർ മുസ്ലീമല്ല എന്ന് പറയാൻ ചില മതവിശ്വാസികൾ തയ്‌യാറാകുന്നതുപോലെ, സംഘപരിവാർ നടത്തുന്ന മനുഷ്യക്കുരുതിയും അക്രമങ്ങളും കണ്ട് അവർ ഹിന്ദുക്കളല്ല എന്ന് എന്തേ ഒരൊറ്റ മതവിശ്വാസിപോലും ഇന്ത്യയിൽ പറയുന്നില്ല ? അത്രത്തോളം ഫാസിസ്റ്റു പ്രവണതകൾ മതവിശ്വാസികളെ വർഗീയവൽക്കരിച്ചിരിക്കുന്നു !

സഹതപിക്കുന്നവനെ തച്ചുകൊല്ലുക !

തെറ്റ് ചൂണ്ടിക്കാട്ടുന്നവനെ കല്ലെറിയുക !

പ്രതികരിക്കുന്നവന്റെ നാവരിയുക …!

ഈ എഴുത്തുകാരൻ മാനവികത കൈമോശം വന്നിട്ടില്ലാത്തവരുടെ ആദരം അർഹിക്കുന്നു.

ജൂൺ 29 ന് ‘കട്ടൻകാപ്പിയും കവിതയും’ കെ പി രാമനുണ്ണിയുമായുള്ള സംവാദത്തിന് വേദിയൊരുക്കുന്പോൾ അദ്ദേഹത്തിന് പറയാൻ ഏറെയുണ്ടാവും. നിങ്ങളുടെ ആവനാഴിയിൽ ചോദ്യശരങ്ങൾ നിറയ്‌ക്കാൻ മറക്കണ്ട.

മാനവികതയുടെ പേരിൽ ഈ മനുഷ്യസ്‌നേഹിയെ നമുക്ക് മാറോടു ചേർത്തുനിർത്താം.

ആശംസകൾ !

വി പ്രദീപ്

Our Sponsors