2017 Episodes

Kattankappi-Dr കവിത ബാലകൃഷ്ണന്റെ

മലയാളി അസോസിയേഷൻ ഓഫ് ദി  യു കെ യുടെ സഹകരണത്തോടെ ശ്രീ പ്രിയൻ നടത്തി വരുന്ന കട്ടൻ കാപ്പിയും കവിതയും എന്ന പരിപാടി അറുപത്തി എട്ടു  എപ്പിസോഡുകൾ വിജയകരമായി പിന്നിടുമ്പോൾ ഇക്കഴിഞ്ഞ നവംബർ പത്തൊന്പതു ഞായറാഴ്ച കട്ടൻകാപ്പിയുടെ നേതൃത്വത്തിൽ നടത്തിയ, യു കെ യിലെ എഴുത്തുകാരുടെ സൗഹൃദക്കൂട്ടായ്മ വേറിട്ടൊരു അനുഭവമായിരുന്നു. യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നും  സാഹിത്യാഭിരുചിയുള്ള ആളുകൾ ഒത്തുചേർന്നു അവരുടെ രചനകളെക്കുറിച്ചും  പുറത്തിറക്കിറക്കിയ പുസ്തകങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ചർച്ച ചെയ്തു. ഇങ്ങനെ പുതുമയുള്ള ആശയത്തെ  ഇത്ര ത്നമയത്ത്വത്തോടെ ഭംഗിയായി അവതരിപ്പിച്ച കട്ടൻ കാപ്പിയെയും അതിന്റെ സംഘാടകൻ  പ്രിയനെയും അതിലുപരി  ഈ പരിപാടിക്ക് തന്നെ കാരണഭൂതനായ ശ്രീമാൻ മുരളി മുകുന്ദനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ശ്രീ മുരളി മുകുന്ദൻ യു കെയിലെ എഴുത്തുകാരെയെല്ലാം പരിചയപ്പെടുത്തി സ്വന്തം ബ്ലോഗിൽ എഴുതിയ ഒരു ആർട്ടികളിൽ നിന്നാണ് ഈ കൂട്ടായ്‌മയുടെ  തുടക്കം. പരിപാടിയിൽ വെച്ച് മലയാളി അസോസിയേഷന്റെ പേരിൽ ശ്രീ പ്രിയനെയും മുരളീ മുകുന്ദനെയും അസോസിയേഷൻ ഭാരവാഹികൾ പ്രത്യേക അഭിനന്ദനവും  നന്ദിയും അറിയിച്ചാദരിച്ചു.

ചടങ്ങിനെ അത്യന്തം ആകർഷകവും വിജ്ഞാനപ്രദവും ആക്കിയത് പ്രശസ്ത  ചിത്രകാരിയും എഴുത്തുകാരിയും തൃശ്ശൂർ ഫൈൻആർട്സ് കൊളേജിലെ അധ്യാപികയുമായ കവിത ബാലകൃഷ്ണന്റെ സാന്നിധ്യമാണ്.

കലയെക്കുറിച്ചും ചിത്ര രചനയെ കുറിച്ചും കലയും സംസ്കാരവും നമ്മുടെ പൈതൃകവും സംരക്ഷിക്കേണ്ടതിനെ  കുറിച്ചും വിശദമായി തന്നെ കവിത സംസാരിച്ചു. ചിത്ര രചനയുടെ ആദ്യകാലം  മുതൽക്കുള്ള  ചരിത്രവും  ആരും അധികം ശ്രദ്ധിക്കാത്ത  ഏടുകളിലൂടെ സഞ്ചരിച്ചു അതിന്റെ ഉല്പത്തിയും വളര്ച്ചയും തളർച്ചയും ചിത്രകല നേരിടുന്ന പ്രശനങ്ങളുംഎല്ലാം തന്നെ  വിരസത തെല്ലുമില്ലാതെ അവതരിപ്പിക്കാൻ കവിതയ്ക്ക്  കഴിഞ്ഞു. ഇത്ര ബൃഹത്തായ ഒരു വിഷയം ഒരു മണിക്കൂറിൽ ഗുളിക രൂപത്തിൽ അതും അലിയിച്ചു എല്ലാവർക്കും ദഹിക്കത്തക്ക രീതിയിൽ സാധാരണക്കാരിലെത്തിക്കാൻ കഴിയുക എന്നത് തികച്ചും അഭിനന്ദനാർഹമാണ്. സ്വന്തം  നാടിന്റെ കലകളെ കുറിച്ചും സംസ്കാരത്തെ   കുറിച്ചും എപ്പോഴും എവിടെയും ഊറ്റം കൊള്ളുന്ന നമ്മൾ  അതിനെ സംരക്ഷിക്കാൻ  സർക്കാരോ ജനങ്ങളോ വേണ്ടരീതിയിൽ ഒന്നും ചെയ്യാറില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇപ്പോഴും നല്ല ഒരു ആര്ട്ട് ഗാലറി പോലും  ഇല്ല. എല്ലാത്തിലും പാക്ചാത്യരെ   അനുകരിക്കുന്ന നമ്മൾ സാംസ്‌കാരിക പൈതൃകം സൂക്ഷിക്കുന്ന കാര്യത്തിൽ അവർ ചെയ്യുന്നത് അനുകരിക്കാറില്ല. അത് പോലെ  കലയിലും വ്യവസ്ഥാപിത ചട്ടക്കൂടുകൾ വിട്ടിറങ്ങി പുതിയ പരീക്ഷണത്തിന് ആരും മുന്നോട്ടു വരുന്നില്ല. വന്നാൽ തന്നെ അതിനു പ്രോത്സാഹനത്തേക്കാളേറെ വിമർശങ്ങൾ നേരിടേണ്ടി വരുന്നു. നമ്മുടെ ആളുകൾക്കിടയിൽ ഇപ്പോഴും ചിത്രകലയെക്കുറിച്ചു പറയുമ്പോൾ  ഒരു രവിവർമ്മ മാത്രമാണ് എല്ലാവർക്കും ഓർമ്മയിൽ വരുന്നതെന്നും കവിത കൂട്ടി ചേർത്തു.

സംഭാഷണത്തിനൊടുവിൽ കവിത സ്വന്തം കവിതകൾ ചൊല്ലുകയും ചെയ്തു. ഒത്തുചേരലും കലയും  കവിതയും ‘കവിതയുടെ’ കവിതയും ഒക്കെയായി എന്ത് കൊണ്ടും MAUK ക്കു അഭിമാനിക്കാവുന്ന മാറക്കാനാവാത്തത്ര മനോഹരമായ ഒരു ദിവസമായിരുന്നു നവംബർ പത്തൊന്പത്. പ്രിയനും മുരളിക്കും മലയാളി അസോസിയേഷനും അഭിമാനിക്കാവുന്ന് നേട്ടം.

View Full Albums

Become a Member