ഒരു പ്രവാഹം പോലെ പോളി വർഗീസ് – Report

മൂന്നു മണിക്കൂർ ഒരു മഹാ നദി പോലെ സദസ്യരെയും വഹിച്ചുകൊണ്ട് ഒഴുകുകയായിരുന്നു പോളി വർഗീസ് എന്ന ബഹു മുഖ പ്രതിഭ. മോഹന വീണയിൽ അപാരമായ വൈദഗ്ധ്യത്തോടെ നാദങ്ങൾ ഉതിർത്തപ്പോൾ, അതിൽ ഇഴുകിച്ചേർന്നിരുന്ന ഭാവങ്ങൾ അനുഭൂതി ഉണർത്താൻ പോരുന്നതായിരുന്നു. ഹിന്ദുസ്ഥാനിയും, രവീന്ദ്ര ഗീതവും, ബൗൽ സംഗ്‌ഗീതവും, കബീർ ഗീതവും, സൂഫി സംഗീതവും സദസ്യരെ പരിചയപ്പെടുത്തി കൊണ്ടാണ് ആ പ്രവാഹം കടന്നു പോയത്. ഒടുവിൽ മലയാളത്തിന്റെ സ്നേഹ ഗായകന്റെ “സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി” (കരുണ) എന്ന വരികളിൽ അത് അവസാനിക്കുമ്പോൾ സദസ്യർ ഒന്നടങ്കം പറഞ്ഞു “ഗംഭീരം”. സംഗീതം മാത്രമായിരുന്നില്ല അവതരിപ്പിക്കപ്പെട്ടത്, കവിതയും, തത്ത്വ ചിന്തയും, ചരിത്രവും, ജീവിത രീതികളും, മനുഷ്യാവസ്ഥകളും ഒക്കെ അനാവരണം ചെയ്യപ്പെട്ട സംഭാഷണത്തിൽ ഏറെ കൗതുകം ഉണർത്തിയ ഒന്നാണ് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമായി ബംഗാളിൽ ജീവിച്ചിരുന്ന, രബീന്ദ്രനാഥ്‌ ടാഗോറിനെ വളരെ ഏറെ സ്വാധീനിച്ച, ബംഗാളിന്റെ പിൽക്കാല പുരോഗമന ചിന്തകൾക്ക് വിത്ത് പാകിയ ലാലാൻ ഫാക്കിർ എന്ന തത്ത്വ ചിന്തകന്റെ ജീവിത കഥ. അദ്ദേഹത്തിന്റെ ഒരു ബൗൽ ഗീതം ആശയം വിശദീകരിച്ചു കൊണ്ട് ആലപിച്ചത് അവിസ്മരണീയമായ ഒരനുഭവം ആയിരുന്നു.

പോളി വർഗീസ് ഒന്നിൽ കൂടുതൽ തവണ പറഞ്ഞു “ഞാൻ എന്നെ നിങ്ങൾക്കു തരികയാണ്, ഞാൻ എന്നെ നിങ്ങള്ക്ക് ഷെയർ ചെയ്‌യുകയാണ്” . അനർഗ്ഗളമായി ഒഴുകിയ ആ പ്രവാഹത്തിന് നന്ദി.

(Report on performance by Poly Varghese – 20.08.2017 – Kerala house)
Priyan

Our Sponsors