എൻ്റെ കുത്തികുറിപ്പുകൾ

മലയാളി അസോസിയേഷന്‍ ഓഫ് ദി യു കെ യുടെ ഭാഗമായ ”കട്ടന്‍ കാപ്പിയും കവിതയും” എന്ന പരിപാടിയുടെ ആഭിമുഖ്യത്തില്‍ യുകെ യുടെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരായ എഴുത്തുകാരെയും കവികളെയും അഭിനേതാക്കളെയും ഗായകരേയുമൊക്കെ ഉള്‍പ്പെടുത്തി, കവിയും ചിത്രകാരിയും ത്രിശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിലെ പ്രോഫസ്സറുമായ ഡോ : കവിത ബാലകൃഷ്ണന്‍ മുഖ്യ അഥിതിയായി എത്തി, ഒരു writers network ആരംഭിച്ച സന്തോഷവാര്‍ത്ത‍ അഭിമാനപൂര്‍വ്വം അറിയിക്കട്ടെ.
19/11/2017 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോട് കൂടി ആരംഭിച്ച പ്രഭാഷണവും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളും പരസ്പരം പരിചയപ്പെടുത്തലുമെല്ലാം വൈകുന്നേരം അഞ്ചു മണിയോടുകൂടി പര്യവസാനിച്ചു.
ചിത്ര രചനയെക്കുറിച്ചും കവിത രചനയെകുറിച്ചും വളരെ ആഴത്തില്‍ ശ്രീ കവിത ബാലകൃഷ്ണന്‍ വിവരിക്കുകയും, വിവിധ മേഖലകളിലുള്ള തന്‍റെ അനുഭവങ്ങളെ നമുക്കായി പകര്‍ന്നു തന്നു.
ഈ ഒരു സംഗമം സംഘടിപ്പിക്കാനുള്ള പ്രപഞ്ചത്തിന്റെ ശ്രമങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിക്കാണണം. കലാകാരന്മാരുടെ നിര്‍മ്മാണം. സി സി ടി വി രംഗത്ത്‌ ജോലി നോക്കുന്ന, എല്ലാവരെയും ഭായി എന്ന് സംബോധന ചെയ്യുന്ന നമ്മുടെ സ്വന്തം ഭായി, നമ്മുടെ തൃശൂര്‍ ഗഡി, മുരളി ചേട്ടന്‍ ലണ്ടന്‍ ഒളിമ്പിക്സ് നടക്കുന്ന സമയത്ത് രാത്രിയിലുള്ള ചാരപ്പണി സി സി ടി വി ജോലികള്‍ക്കിടയില്‍ അന്വേഷിച്ചത് യു കെ യില്‍ നിന്നും മലയാളം ബ്ലോഗ്‌ എഴുതുന്നവരെ കുറിച്ച്കൂടിയായിരുന്നു. അങ്ങിനെ അദ്ദേഹം കണ്ടെത്തിയവരുമായി നിരന്തരസംഭാഷണങ്ങള്‍ നടക്കുകയും അതുവഴി ഇങ്ങു 2017 ല്‍ കേരള പിറവി മാസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അന്വേഷണം കുറച്ചു കൂടി വിശദമാക്കുകയും യു കെ യില്‍ ആകെമാനം നൂറ്റിയന്‍പതോളം വലുതും ചെറുതുമായ എഴുത്തുകാര്‍ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അതിലെ പകുതിയായുള്ള സ്ത്രീജനങ്ങളെ  
ആംഗ്ലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിതാ രത്നങ്ങൾ
എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ കൂടി പരിചയപ്പെടുതുകയുണ്ടായി. അപ്പോള്‍ ഇവിടെയുള്ള പുരുഷന്മാരെ കൂടി ഉള്‍പ്പെടുത്തി അടുത്ത പരിചയപ്പെടുത്തലും വന്നു. അതിനെ ഇങ്ങനെ പരിചയപ്പെടുത്തി 
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ.
ഇതിനിടയില്‍ മുളപൊട്ടി വരുന്ന മറ്റൊരു ആശയമുണ്ടായിരുന്നു. ഇവിടെയുള്ള മുഴുവന്‍ എഴുത്തുകാരെയും ഉള്‍പ്പെടുതികൊണ്ടുള്ള ഒരു Writers network ലേക്കുള്ള ഒരു തുടക്കം. അങ്ങിനെ ചിന്തകള്‍ കാടുകയറിയപ്പോള്‍ മലയാളത്തു നാട് കേരളമായി സ്ഥപിതമായത്തിന്റെ ഈ അറുപത്തിയൊന്നാം വാര്‍ഷിക മാസത്തില്‍ തന്നെ അത് നടക്കുകയുമുണ്ടായി.
വളരെയധികം തിരക്കുകള്‍ക്കിടയിലും മൂന്നും നാലും മണിക്കൂര്‍ യാത്ര ചെയ്തും, ഒരു ദിവസം മുഴുവന്‍ ഈ ഒരു നിമിഷത്തിനു മാറ്റിവയ്ച്ചും, മലയാളത്തെ സ്നേഹിക്കുന്ന അതിലൂടെ തന്റെ ആശയങ്ങളെ മലയാളികള്‍ക്ക് മുന്‍പില്‍ തുറന്നു വയ്ക്കുന്ന ഒരു കൂട്ടം മലയാളികള്‍ വന്നെത്തി. ഫേസ് ബുക്കില്‍ കൂടി അടുത്തറിഞ്ഞ പലരെയും നേരിട്ട് കണ്ടപ്പോള്‍ പലതും പുതിയ ഒരനുഭവമായി. ഉച്ച ഭക്ഷണവും കട്ടന്‍ കാപ്പിയും നല്ല രസ്യന്‍ പരിപ്പ് വടയും മറ്റൊരു അനുഭവമായി മാറി.
സത്യത്തില്‍ ആരാണ് മലയാളി ??
നിങ്ങള്‍ ഓരോരുത്തരും ഈ ഒരു ചോദ്യം ചിന്തിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല……. നമ്മുടെ സംസ്കാരത്തെയും ആചാരത്തെയും ഭാഷയെയും മുന്‍നിര്‍ത്തിയുള്ള പല പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ചിന്തിക്കുന്ന ചോദ്യമാണ് ഇത്. ആരാണ് മലയാളി? കേരളത്തില്‍ ജീവിക്കുന്നവരോ?? മലയാളം സംസരിക്കുന്നവരാണോ മലയാളികള്‍? മലയാളത്തെ ഇഷ്ടപ്പെടുകയും സംസരിക്കതിരിക്കയും ചെയ്യുന്നവരാണോ മലയാളികള്‍? മലയാളം എഴുതുവാനും വായിക്കാനും അറിയാതെ മലയാളി എന്ന് ഊറ്റം കൊള്ളുകയും തന്‍റെ കുട്ടികളെപോലും മലയാളം സംസാരിക്കാന്‍ ശീലിപ്പിക്കാത്ത , അതിനു അവസരമുണ്ടാക്കാത്ത മലയാളികളായ അച്ഛനും അമ്മയ്ക്കും ഉണ്ടായവരാണോ മലയാളികള്‍?.
നമ്മുടെ അനുഭവത്തില്‍ മലയാളി മാത്രമാണ് സ്വന്തം മക്കളെ മലയാളം പഠിപ്പിക്കാതെ മലയാളി എന്ന് ഊറ്റം കൊണ്ട് നില്‍ക്കുന്നത്, തമിഴ് ആളുകള്‍ ശ്രീലങ്കന്‍, ബംഗാളി, ഗുജറാത്തി, പാകിസ്താനി പഞ്ചാബി, ഈസ്ടീന്‍ യുറോപ്യന്‍ ആണെങ്കില്‍ പോലും അവരുടെ ഭാഷകള്‍ക്കാണ് മുന്‍‌തൂക്കം നല്‍കുക. പക്ഷെ മലയാളി മാത്രം എന്തെ ഇങ്ങനെ?,
ഇന്ന് വിദേശ രാജ്യങ്ങളിലുള്ള എല്ലാ മലയാളി കമ്മ്യൂണിറ്റികളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. ഇവിടെ മുഖ്യമായും ഉദ്ദേശിക്കുന്നത് സ്ഥിരമായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരെയാണ്. ദുബായ് ഖദദര്‍ , തുടങ്ങിയ രാജ്യങ്ങളിലെ മലയാളികള്‍ക്ക് എന്നെങ്കിലും നാട്ടില്‍ തന്നെ കൂടേണ്ടി വരുമെന്ന ഒരു വിചാരമെങ്കിലുമുണ്ട്. പക്ഷെ യു കെ അമേരിക ,കാനഡ തുടങ്ങിയ മലയാളികള്‍ക്ക് തലമുറകളോളം അവിടെ തന്നെ കഴിയുകയാവും ലക്‌ഷ്യം. ഇപ്പോള്‍ നമ്മുടെ പരിപാടികള്‍ കാണാന്‍ വരുന്നത് തീരെ ചെറിയ കുട്ടികളും, പിന്നെ മുതിര്ന്നവരുമാണ്. ചെറുപ്പക്കാര്‍ വളരെ വിരളം. ഇവിടെ വലിയ എഴുത്തുകാരും കവികളുമായി നാം കണ്ടുമുട്ടുന്ന പലരുടെയും കുടുംബത്തില്‍ അവരുടെ കാലം കഴിഞ്ഞാല്‍ കല മാത്രമല്ല വിരാമം കുറിയ്ക്കുക നമ്മുടെ ഭാഷ കൂടിയായിരിക്കും. അവരും പില്‍ക്കാലത്ത് അഭിമാനിക്കും ” ഞാനും ഒരു മലയാളി”, സംസാരിക്കാന്‍ ഒട്ടും അറിയില്ല്യ, പിന്നെ പറയണോ , എഴുത്തും വായനയും.??  
എന്തുകൊണ്ട് അവര്‍ ഇത്തരം പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു?, ഒന്നാമത്തെ കാരണം വ്യക്തം 
” എനിക്ക് മനസിലാകാത്ത പരിപാടി ഞാന്‍ എങ്ങിനയ ആസ്വദിക്കുക” ? അതിനു ഭാഷ അറിയണം, അതിനു പരസ്പര സംഭാഷണം നടക്കണം,
ഒന്ന് സ്വയം വിലയിരുത്തൂ മലയാളികള്‍ എന്ന് അഭിമാനിക്കുന്ന ജന വിഭാഗമേ, നിങ്ങളില്‍ എത്ര പേര്‍ നിങ്ങളുടെ കുടംബങ്ങളില്‍ മലയാളം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു? എത്ര പേരുടെ കുട്ടികള്‍ നന്നായി മലയാളത്തില്‍ ആശയവിനിമയം നടത്തുന്നു? കുറച്ചു കൂടി കടന്നം എത്രപേര്‍ എഴുതുന്നു? വായിക്കുന്നു?………………………..പക്ഷെ നിങ്ങളുടെ കുട്ടികളില്‍ പലരും ജര്‍മ്മന്‍ എഴുത്തും വായിക്കും, വേണമെങ്കില്‍ കവിതയും എഴുത്തും, സ്പാനിഷ്‌, അതും അതോലെ അങ്ങിനെ എത്രയോ ഭാഷകള്‍ നിങ്ങള്‍ പഠിക്കും…? കാരണം മലയാളിക്ക് ജനിതകമായ പ്രത്യേകതയാണീ ഭാഷാ പഠനം എന്ന് തോന്നുന്നു. പക്ഷെ മലയാളം വേണമെന്ന് വയ്ക്കുന്നില്ല അതിനാല്‍ പഠിക്കുന്നുമില്ല…
കുറച്ചു നാള്‍ മുന്‍പ് ഒരമ്മ അഭിമാനത്തോടെ പറയുന്നത് കേട്ടു, മോന്‍ വെള്ളക്കാര് പറയുന്നത് പോലെയാണ് ഇംഗ്ലീഷ് പറയുന്നതത്രെ. അടുത്തിടെ വന്ന കുടുംബമായതിനാല്‍ മലയാളവും അറിയാം, അതും ഭാഗ്യം.
ഭാഷ കൂടാതെയുള്ള സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്ക് അതിന്റേതായ പോരായ്മകള്‍ ഉണ്ടാകും. അതിനാല്‍ ഭാഷ വളരെ മുഖ്യമായ ഘടകമാണ്. അതിനാല്‍ നിങ്ങളുടെ കുട്ടികള്‍ മലയാളത്തില്‍ കവിതയും കഥയും ഒന്നും എഴുതുന്നതിനുള്ള അത്രയും ആഴത്തിലുള്ള അറിവൊന്നും നേടിയില്ലങ്കിലും ആശയ വിനിമയത്തിനും വായനയ്ക്കും എഴുതുവാനുമുള്ള അറിവ് നേടേണ്ടത് അത്യാവശ്യമാണ് എന്ന് നാം വിലയിരുത്തുന്നു.
ജീവിക്കാന്‍ കലയും സാഹിത്യവും ഒന്നും വേണ്ടായിരിക്കാം, പക്ഷെ ജീവിതം ആസ്വാദ്യകരമാക്കുന്നതിന് കലയുടെയും സാഹിത്യത്തിന്റെയും പങ്ക് വളരെ വലുതാണ്‌. കഴിഞ്ഞ മാസം ശ്രീ പ്രഭാ വര്‍മ്മ ഇവിടെ വന്നപ്പോള്‍ കട്ടന്‍ കാപ്പിയും കവിതയും അദ്ദേഹത്തിന് വേദിയോരുക്കിയപ്പോള്‍ അമൂല്യങ്ങളായ കുറെ നിമിഷങ്ങളായി മാറി അത്. അതില്‍ അദ്ദേഹം സൂചിപ്പിച്ചത് മുഴുവന്‍ മകളിലുള്ള കാര്യങ്ങളുടെകൂടെ ഊന്നല്‍ കൊടുക്കുന്നതായിരുന്നു.
വീണ്ടും കട്ടന്‍ കാപ്പിയിലേക്ക് മടങ്ങുമ്പോള്‍ കാണാന്‍ കഴിയുന്നത്‌,
യുകെ യിലെ ആദ്യത്തെ മലയാളി സംഘടനയാണ് മലയാളി അസോസിയേഷന്‍. 1930 കളില്‍ ശ്രീ വി കെ കൃഷ്ണമേനോന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എകനോമിക്സ് ല്‍ പഠിക്കാന്‍ വന്ന കാലത്ത് ”കേരള സമാജം” എന്ന പേരില്‍ കുറച്ചു മലയാളികള്‍ ചേര്‍ന്ന് സിറ്റിയില്‍ കൂടിയിരുന്നുവത്രേ. വര്‍ഷങ്ങള്‍ക്കു ശേഷം അതെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍ ഒരു പക്ഷെ വെള്ളക്കാരന് ആ പേര് വഴങ്ങാത്തതകാം കാരണം, എന്തായാലും ആ പേര് സാധ്യമായില്ല, അങ്ങിനെ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. 1986 കേരള ഹൌസ് എന്നാ പേരില്‍ മേനോര്‍ പാര്‍ക്കിലുള്ള നമ്മുടെ ആസ്ഥാനമന്ദിരം വാങ്ങുമ്പോള്‍ നമുക്ക് കൌണ്‍സില്‍ ( ഗവണ്മെന്റ്) ല്‍ നിന്നും 90 ശതമാനത്തോളം ഗ്രാന്‍ഡ്‌ കിട്ടുകയുണ്ടായി. ഇപ്പോള്‍ വളരെയധികം ചാരിറ്റി പ്രവര്‍ത്തനങ്ങളും സാഹിത്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സ്വയം പരിചയപ്പെടുത്താനുള്ള അവസരത്തിൽ നമുക്കായി മലയാളി അസോസിയേഷനെ പരിചയപ്പെടുത്തിയത് ശ്രീ ശ്രീജിത്ത്‌ ആണ്.
അങ്ങിനെ ശ്രീ ഒ എന്‍ വി കുറുപ്പ് അവര്‍കള്‍ക്ക് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയ സമയം അദ്ദേഹം ലണ്ടനില്‍ എത്തി. അദ്ദേഹവുമായി കുറച്ചു സമയം പങ്കുവയ്ക്കുവാന്‍ കൂടിയ കുറച്ചു സാഹിത്യ പ്രേമികളായ മലയാളികള്‍ക്കിടയില്‍ മറ്റൊരു ആശയത്തിന്റെ വിത്തുകള്‍ പാവുകയായിരുന്നു. അഞ്ചോ, ആറോ പേര്‍ ചേര്‍ന്ന് കവിതകള്‍ പാടിയും തബല വായിച്ചും ചര്‍ച്ചകള്‍ ചെയ്തുമൊക്കെ കട്ടന്‍ കാപ്പിയും കുടിച്ചു പിരിഞ്ഞിരുന്ന ആ കൂടിച്ചേരല്‍ കാലാ കാലങ്ങളായി സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാനും, സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യുവാനും, നാട്ടില്‍ നിന്നും ഇവിടെയെത്തുന്ന നിരവധി അനവധി സാഹിത്യവുമായും കലയുമായും ബന്ധപ്പെട്ടവരെ വിളിച്ചു അവര്‍ക്കുള്ള അറിവുകളും അനുഭവങ്ങളും നമുക്കായി പകര്‍ന്നു തരുവാനും ഇതിലെ മുഖ്യ മുഖങ്ങളായ പ്രിയന്‍ ചേട്ടനും, മുരളി ചേട്ടനും, സുരേഷ് ചേട്ടനും സുഗതന്‍ ചേട്ടനും ജോസ് ചേട്ടനുമൊക്കെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ വളരെ വലുതാണ്‌. നമുക്കായി കട്ടൻ കാപ്പിയുടെ കഥ പറഞ്ഞത് മീരേച്ചിയാണ്…
” കട്ടന്‍ കാപ്പിയും കവിതയും” ഈ സംഭവം ആദ്യമായി കേള്‍ക്കുമ്പോള്‍ നമുക്കുണ്ടായ ഒരു ചിന്ത, കട്ടന്‍ കാപ്പി – കൊള്ളാം കുടിച്ചാല്‍ മതി , കുടിയ്ക്കാം, പക്ഷെ ”കവിത” …..ഇനി എഴുതണോ എന്തോ.?? അതോ പാടണമോ?? രണ്ടായാലും വലിയ പിടിയില്ല കവിതയില്‍…..ഇവരുദ്ദേശിക്കുന്നതോന്നും നമുക്ക് മനസിലാവണില്ല എന്നേ…. പിന്നെ അര്‍ഥം കൂടി പറഞ്ഞു തന്നാല്‍ സന്തോഷം അങ്ങിനെ മടിച്ചു മടിച്ചു നില്‍ക്കുന്ന സമയത്താണ്, സാക്ഷാല്‍ നമ്മുടെ ”ഭായ്” മുരളി ചേട്ടന്‍ നമ്മുടെ എഴുത്തുകള്‍ ശ്രദ്ദിച്ചു തുടങ്ങുന്നതും, അങ്ങിനെ ഒരു ക്ഷണം കിട്ടുന്നതും…..
അതിനു ശേഷം നിരവധി കട്ടന്‍ കാപ്പിയും കവിതയിലും പങ്കെടുത്തു, പലതിനും ഫോട്ടോകള്‍ എടുക്കുമെങ്കിലും, പിന്നീട് എഴുതാന്‍ സമയം കിട്ടാത്തതിനാല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുന്നതും നിങ്ങളുമായും പങ്കുവയ്ക്കാന്‍ ശ്രദ്ടിക്കാം.
പരിപാടി യുടെ മുഴവന്‍ സമയ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്‌ ശ്രീ അജിത്തേട്ടനാണ്. അദ്ദേഹത്തിനും നന്മകള്‍ ആശംസിക്കുന്നു.
അഥനീയം എന്ന പേരില്‍ കുറച്ചു എഴുത്തുകാരികള്‍ ചേര്‍ന്ന് പുറത്തിറക്കിയ ”ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍” എന്ന പുസ്തകം ഒരു നറുക്കെടുപ്പിലൂടെ രണ്ടു പേര്‍ക്ക് സമ്മാനമായി നല്‍കാന്‍ തിരഞ്ഞെടുത്തപ്പോള്‍ ഒരെണ്ണം നമുക്കും ലഭിക്കയുണ്ടായി. അണിയറ പ്രവര്‍ത്തകര്‍ക്കും നമ്മുടെ നമ്പര്‍ നിര്‍ദ്ദേശിച്ച ഡോ: കവിത ബാലകൃഷ്ണനും നമ്മുടെ നന്ദി അറിയിക്കുന്നു.
അങ്ങിനെ ഈ സാഹിത്യ സംഗമം യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു നാഴികക്കല്ലായി മാറി. എല്ലാവരെയും കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം. ഒരു ചെറിയ കാര്യം കൂടി പങ്കു വയ്ക്കാം…
”നല്ല പുസ്തകങ്ങള്‍ നല്ല ചെങ്ങാതിമാരാണ്. അതുപോലെ മോശമായി കുഴിയില്‍ ചാടിക്കാനും പുസ്തകങ്ങള്‍ക്കും കഴിയും. അതുപോലെ നിങ്ങളുടെ ഓരോ ചിന്തകളും വാക്കുകളായും രചനകളായും മാറുമ്പോള്‍ മറ്റുള്ളവരെ നന്മയിലേക്കും ഉയരങ്ങളിലെക്കും നയിക്കുന്നതല്ല അവയെങ്കില്‍, അത്യാവശ്യം നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കര സ്വാതന്ത്ര്യവും മാത്രമാണ് അതെങ്കില്‍ ദയവായി അത് മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കല്ലേ എന്നുള്ള ഒരു അപേക്ഷകൂടിയുണ്ട്.
ഏവര്‍ക്കും നന്മകള്‍ ആശംസിച്ചുകൊണ്ട് വീണ്ടും കാണാം….
Hari Kumar who hails from Ayur in Kerala is now settled in East London following his studies at Havering College of Higher Education.  Hari is a regular member of Kattankappium Kavithaum and writes regularly on ‘Ente Kuthikurippukal Facebook Page  https://www.facebook.com/groups/entekuthikurippukal/about/

Our Sponsors